അബുദാബി : യു.എ.ഇ.യിലെ പ്രഥമ ശിലാക്ഷേത്രത്തിന്റെ ചുമരുകൾ പൗരാണിക ഭാരതകഥ പറയും. ഏറെ പ്രത്യേകതകൾ അവകാശപ്പെടുന്ന അബുദാബി അബു മുറൈഖയിൽ നിർമാണം പുരോഗമിക്കുന്ന ക്ഷേത്രത്തിന്റെ ചുമരുകൾ കഴിഞ്ഞദിവസമാണ് ഇന്ത്യയിൽ നിന്നും എത്തിയത്. രാജസ്ഥാനിലെ ചുവന്ന കല്ലിലാണ് കൊത്തുപണികൾ നടത്തിയിട്ടുള്ളത്. 40 കണ്ടെയ്‌നറുകളിലായി 750 ടൺ ശിലാശില്പങ്ങൾ ക്ഷേത്രപരിസരത്ത് ആദ്യഘട്ടത്തിൽ എത്തിച്ചതെന്ന് നിർമാണച്ചുമതലയുള്ള ബാപ്സ് പ്രതിനിധി സ്വാമി ബ്രഹ്മവിഹാരി അറിയിച്ചു.

വടക്കുപടിഞ്ഞാറൻ രാജസ്ഥാനിൽ രണ്ടായിരത്തോളം ശില്പികളാണ് ഇപ്പോൾ ചുവന്ന കല്ലിൽ ക്ഷേത്രച്ചുമരിലെ ശില്പകഥകൾ കൊത്തുന്നത്. ഇന്ത്യയുടെയും യു.എ.ഇ.യുടെയും സംസ്‌കൃതി ഇതിൽ കാണാനാവും. ഏഴ് എമിറേറ്റുകളെ പ്രതിനിധാനം ചെയ്യുന്ന ഏഴ് മിനാരങ്ങൾ ക്ഷേത്രത്തിന്റെ പ്രത്യേകതയായിരിക്കും. ഒക്ടോബറിൽ ദുബായ് എക്സ്‌പോയുടെ ഭാഗമായി എത്തുന്ന ലോകസന്ദർശകർക്ക് ക്ഷേത്രനിർമാണപുരോഗതി നേരിട്ടുകാണാനുള്ള അവസരമൊരുക്കുമെന്നും സ്വാമി പറഞ്ഞു.

12,250 ടൺ ചുവന്ന മണൽക്കല്ല് ക്ഷേത്രത്തിന്റെ പുറം ചുമരിലും 5000 ടൺ ഇറ്റാലിയൻ കരാര മാർബിൾ അകത്തളത്തിലും ഉപയോഗിക്കും. ഇരുമ്പും സ്റ്റീലും ഉപയോഗിക്കാത്ത നിർമിതിയായിരിക്കും ഇത്. ഇന്ത്യയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ശിലാക്ഷേത്ര നിർമിതികളെല്ലാം ഇരുമ്പോ, സ്റ്റീലോ ഉപയോഗിക്കാത്തവയാണ്. നൂറ്റാണ്ടുകൾക്കിപ്പുറവും തലയെടുപ്പോടെ ശില്പകലയുടെ മകുടോദാഹരണമായി നിലകൊള്ളുന്ന അതേ ക്ഷേത്രനിർമാണ ശൈലി തന്നെയാണ് അബുദാബിയിലും പരീക്ഷിക്കുന്നത്.

മധുര മീനാക്ഷി ക്ഷേത്രം, ഒഡിഷയിലെ ജഗന്നാഥ് മന്ദിരം, ഗുജറാത്തിലെ സോമനാഥ് ക്ഷേത്രം, ഉത്തരാഖണ്ഡിലെ കേദാർനാഥ്, ഒഡിഷയിലെ കൊണാർക്ക് സൂര്യക്ഷേത്രം, ഡൽഹിയിലെ അക്ഷർധാം ക്ഷേത്രം, തിരുവനന്തപുരത്തെ പദ്മനാഭസ്വാമി ക്ഷേത്രം, ആന്ധ്രയിലെ തിരുമല ക്ഷേത്രം, ഗുജറാത്തിലെ ദ്വാരക്ദിഷ് തുടങ്ങിയവയുടെയെല്ലാം സങ്കലനമായിരിക്കും അബുദാബിയിൽ ഉയരുന്ന ക്ഷേത്രം.

പ്രവേശനപ്പടികൾക്ക് ഇരുവശവും ചെറിയ വെള്ളച്ചാട്ടമൊരുക്കും. പടികളിലൂടെ നടന്നുനീങ്ങുന്നത് മാർബിൾ പതിച്ച അകത്തളത്തിലേക്കായിരിക്കും. ക്ഷേത്രത്തിന് ചുറ്റിലും തടാകത്തിന്റെ മാതൃകയിലുള്ള വെള്ളക്കെട്ടുമുണ്ടാവും. വിശാലമായ അകത്തളം, പ്രാർഥനാ ഹാളുകൾ, വായനശാല, സാമൂഹികകേന്ദ്രം, കുട്ടികൾക്കായി പ്രത്യേക കളിസ്ഥലം, ഭക്ഷണശാലകൾ എന്നിവയെല്ലാം ഇവിടെയുണ്ടാകും. എല്ലാ വിശ്വാസി സമൂഹങ്ങൾക്കും ഒരുപോലെ വന്നിരിക്കാവുന്ന 'ആത്മീയതയുടെ മരുപ്പച്ച' എന്ന ആശയത്തിലാണ് ഈ കേന്ദ്രമുയരുക.