അബുദാബി : തീപ്പിടിത്തം തടയുന്നതിന്റെ ഭാഗമായി സ്മാർട്ട് ഫയർ അലാറമായ ‘ഹസാൻടെക്’ 26,065 വീടുകളിൽ സ്ഥാപിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മൂന്നുവർഷം കൊണ്ടാണ് പദ്ധതി നടപ്പാക്കിയത്.

താഴ്ന്ന വരുമാനക്കാരായവരുടെ 10,800 താമസകേന്ദ്രങ്ങളും ഇതിലുൾപ്പെടും. 2018-ൽ ആണ് തീപ്പിടിത്തം തടയുകയെന്ന ലക്ഷ്യത്തോടെ യു.എ.ഇ. സിവിൽ ഡിഫൻസ് വീടുകളിൽ അലാറം സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. പൊതുജന സുരക്ഷ ലക്ഷ്യമിട്ടുകൊണ്ട് സർക്കാർ നടപ്പാക്കുന്ന സ്മാർട്ട് പദ്ധതികളുടെ ഭാഗമായാണിതെന്ന് ആഭ്യന്തരമന്ത്രാലയം സിവിൽ ഡിഫൻസ് വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അബ്ദുല്ല അൽ നുഐമി പറഞ്ഞു.

അമിതമായ ചൂട്, പുക, തീ, ഗ്യാസ് ചോർച്ച, കാർബൺ മോണോക്സൈഡ് എന്നിവയുണ്ടെങ്കിൽ അലാറം സിവിൽ ഡിഫൻസിൽ മുന്നറിയിപ്പ് നൽകും. വകുപ്പിന് പെട്ടെന്നുതന്നെ രക്ഷാപ്രവർത്തനങ്ങൾ നടപ്പാക്കാൻ ഇത് സഹായിക്കും.

ലോകത്തിൽ തീപ്പിടിത്തംകാരണമുള്ള മരണങ്ങളിൽ 60 ശതമാനവും റിപ്പോർട്ടുചെയ്യപ്പെട്ടിട്ടുള്ളത് വീടുകളിലെ തീപ്പിടിത്തത്തിൽ നിന്നുമാണ്. യു.എ.ഇ. ദേശീയ അജൻഡ പ്രകാരം ലോകത്തിൽ ഏറ്റവും സുരക്ഷിത രാജ്യമാവുകയെന്ന ലക്ഷ്യത്തോടെയാണ് ഫയർ അലാറം പദ്ധതി നടപ്പാക്കുന്നത്.