റിയാദ് : സ്പോർട്‌സ് ഫെഡറേഷനുകളുടെ ഡയറക്ടർ ബോർഡുകളിൽ സൗദി വനിതകളുടെ അംഗസംഖ്യ 30 ശതമാനമാണെന്ന് സൗദി അറേബ്യൻ ഒളിമ്പിക് കമ്മിറ്റി (എസ്.എ.ഒ.സി.) ചെയർമാൻകൂടിയായ കായിക മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ പറഞ്ഞു.

ജി.ഡി.പി.യിൽ സ്പോർട്‌സ് മേഖലയുടെ സംഭാവന 640 മില്യൺ ഡോളറിൽ നിന്ന് 1.7 ബില്യൺ ഡോളറായി ഉയർന്നുവെന്നും രണ്ട് വർഷത്തിനിടെ 170 ശതമാനം വർധനവുണ്ടായതായും സർക്കാർ ആശയവിനിമയ സമ്മേളനത്തിൽ പങ്കെടുത്തുകാണ്ട് അദ്ദേഹം വ്യക്തമാക്കി. സൗദിയിലെ സ്പോർട്‌സ് പരിശീലകമാർ 13 ശതമാനത്തിൽനിന്ന് 19 ശതമാനമായി ഉയർന്നു. ‘സ്പോർട്‌സ് ഗ്രൂപ്പുകൾ 450- ൽ എത്തി. അതിൽ 200 ഗ്രൂപ്പുകൾ സ്ത്രീകളുടെ ഗ്രൂപ്പുകളാണ്. 13 സ്പോർട്‌സ് ക്ലബ്ബുകൾക്കും ഫെഡറേഷനുകൾക്കുമായി ആദ്യമായി സ്വകാര്യ സ്പോർട്‌സ് നിക്ഷേപ കമ്പനികളുടെ സ്ഥാപനം അംഗീകരിച്ചു. ഫോർമുല വൺ റേസിങ്‌ മത്സരം ഡിസംബറിൽ സൗദി അറേബ്യയിൽ നടക്കും. 2023 -ലെ ലോക ആയോധനകല ഗെയിംസിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും’- അദ്ദേഹം പറഞ്ഞു.