ദുബായ് : യു.എ.ഇ.യിൽ ആതുരസേവനരംഗത്ത് സജീവപ്രവർത്തകനായിരുന്ന കോഴിക്കോട് പേരാമ്പ്ര സ്വദേശി നിതിൻ ചന്ദ്രൻ വിടപറഞ്ഞിട്ട് ജൂൺ എട്ടിന് ഒരു വർഷം തികയുന്നു. ജീവിച്ചിരുന്നപ്പോൾ നിരവധിയാളുകൾക്ക് പ്രചോദനമായിരുന്ന നിതിൻ ഭൂമിയിലില്ലെന്ന യാഥാർഥ്യം ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല സുഹൃത്തുക്കൾക്ക്. എങ്കിലും പ്രിയചങ്ങാതിയുടെ ഓർമകൾക്ക് ഒരിക്കലും മരണമുണ്ടാകില്ലെന്ന് സുഹൃത്തുക്കൾ പറയുന്നു.

ഈ ചെറുപ്പക്കാരനെ അടുത്തറിയുന്നവരും ദൂരെനിന്നും കണ്ടവരുമെല്ലാം വിങ്ങലോടെയാണ് ആ ദിവസങ്ങൾ ഓർക്കുന്നത്. മഹാമാരിയുടെ കാലം വേദനിപ്പിക്കുന്ന പല കാഴ്ചകളിലൂടെയാണ് നമ്മെ കൊണ്ടുപോയത്. കോവിഡ് അതിരൂക്ഷമായിരുന്ന 2020 തുടക്കത്തിൽ പ്രവാസികളായ ഗർഭിണികളെ നാട്ടിലെത്തിക്കാൻ വിമാനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് ജനശ്രദ്ധനേടിയ ആതിരയുടെ ഭർത്താവ് നിതിന്റെ മരണം അന്ന് പ്രവാസലോകത്തെയാകെ ഉലച്ചിരുന്നു.

ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ അമരക്കാരനായിരുന്നു നിതിൻ. ഒട്ടേറെ വിഷയങ്ങളിൽ പ്രവാസികൾക്കുവേണ്ടി ഉച്ചത്തിൽ ശബ്ദിക്കുകയും ചില സമയങ്ങളിൽ നിശബ്ദനായി പോരാടുകയും ചെയ്തിരുന്ന വ്യക്തിത്വം. സാമൂഹ്യബോധമുള്ള ചെറുപ്പക്കാരൻ, സൗമ്യൻ. കഴിഞ്ഞ വർഷം മേയ് എട്ടിന് വന്ദേഭാരത് ദൗത്യത്തിലെ ആദ്യവിമാനത്തിലാണ് പോരാട്ടത്തിനൊടുവിൽ ആതിര കോഴിക്കോട്ടേയ്ക്ക് പറക്കുന്നത്. ഭാര്യയ്ക്കൊപ്പം പോകാൻ നിതിന് അനുമതിയുണ്ടായിരുന്നെങ്കിലും ആ അവസരം അത്യാവശ്യമായി നാട്ടിൽ എത്തേണ്ട മറ്റൊരാൾക്ക് നൽകി. അച്ഛനാകാൻ പോകുന്ന സന്തോഷത്തോടെയാണ് സാമൂഹ്യപ്രവർത്തനങ്ങളിൽ മുഴുകിയിരുന്നത്.

കോവിഡ് പ്രതിസന്ധിയിൽ ദുരിതം അനുഭവിക്കുന്നവർക്കൊപ്പം മരണത്തിന് തൊട്ടുതലേന്ന് വരെ നിതിൻ വ്യാപൃതനായിരുന്നു. കോവിഡ് കാലത്തെ രക്തദാന ക്യാമ്പുകളിലും ഇത്രയും സജീവമായിരുന്ന മറ്റൊരുപ്രവർത്തകൻ ഉണ്ടാകില്ലെന്ന് സുഹൃത്ത് ഉണ്ണി പുന്നാര ഓർക്കുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ അലട്ടിയിരുന്നെങ്കിലും കോവിഡ് കാലത്ത് അതെല്ലാം മറന്നായിരുന്നു പ്രവർത്തനം. മരണദിവസംപോലും നിതിന്റെ നേതൃത്വത്തിലായിരുന്നു രക്തദാനക്യാമ്പ് നടക്കേണ്ടിയിരുന്നത്. തലേന്ന് ഉറങ്ങാൻ പോയതുപോലും ക്യാമ്പിനവേണ്ട നിർദേശങ്ങൾ നൽകിക്കൊണ്ടായിരുന്നു. പക്ഷെ അത് ഒരിക്കലും ഉണരാത്ത ഉറക്കമായിപ്പോയി. നിതിൻ മരിച്ചതറിയാതെ ജൂൺ ഒമ്പതിനാണ് ആതിര പെൺകുഞ്ഞിന് ജന്മം നൽകുന്നത്. അകാലത്തിൽ വിട്ടുപിരിഞ്ഞെങ്കിലും ലോക രക്തദാനദിനം സുഹൃത്തുക്കൾ ആചരിച്ചത് നിതിന് ആദരവർപ്പിച്ചായിരുന്നു.

വെള്ളിയാഴ്ച മെഗാ രക്തദാനക്യാമ്പ്

: നിതിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് യു.എ.ഇ. ഇൻകാസ് യൂത്ത് വിങ് വിവിധ എമിറേറ്റുകളിലായി മെഗാ രക്തദാനക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂൺ 11 വെള്ളിയാഴ്ചയാണ് ക്യാമ്പ്. 11-ന് ഉച്ചയ്ക്ക് രണ്ടുമണി മുതൽ രാത്രി ഒമ്പതുവരെ ദുബായ് ലത്തീഫ ഹോസ്പിറ്റലിൽ ക്യാമ്പ് നടക്കും. അബുദാബി സഫീർ മാളിൽ വൈകീട്ട് അഞ്ചുമുതൽ രാത്രി 10 വരെയായിരിക്കും ക്യാമ്പ്. ഷാർജ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ആൻഡ് റിസർച്ച് സെന്റർ, റാസൽഖൈമ റാക്ക് മാൾ എന്നിവിടങ്ങളിൽ വൈകീട്ട് അഞ്ചുമുതൽ രാത്രി 10 വരെയും രക്തദാനക്യാമ്പ് നടക്കും. വിവരങ്ങൾക്ക് 055 201 0373.