ദുബായ് : കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കാത്ത കുട്ടികൾക്ക് ദുബായിലെ പൊതുപരിപാടികളിൽ പങ്കെടുക്കാൻ അനുവാദമില്ല. വിവാഹം പോലുള്ള ഒത്തുചേരലുകൾ, എക്സിബിഷനുകൾ, സാമൂഹിക സമ്മേളനങ്ങൾ എന്നിവയിൽ പങ്കെടുക്കണമെങ്കിൽ കുട്ടികൾ വാക്സിൻ എടുത്തിരിക്കണമെന്ന് അധികൃതർ നിർദേശിച്ചു. നിലവിൽ 12 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കാണ് രാജ്യത്ത് വാക്സിൻ സ്വീകരിക്കാൻ അനുവാദമുള്ളത്.

12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വിവാഹപാർട്ടികൾ, ജന്മദിനാഘോഷങ്ങൾ, കായികപരിപാടികൾ, മറ്റ് സാമൂഹിക സമ്മേളനങ്ങൾ എന്നിവയിൽ പങ്കെടുക്കാൻ അനുവാദമില്ല. വ്യക്തികൾ വാക്സിൻ രണ്ട് ഡോസും സ്വീകരിച്ച് രണ്ടാഴ്ച പൂർത്തിയാക്കിയാൽമാത്രമേ പൊതുപരിപാടികളിൽ പങ്കെടുക്കാൻ പാടുള്ളൂ. പ്രതിരോധ കുത്തിവെപ്പെടുക്കാത്തവർക്ക് സ്വന്തം സുരക്ഷയ്ക്കും മറ്റുള്ളവരുടെ സുരക്ഷയ്ക്കുമായി പരിപാടികളിൽ പങ്കെടുക്കാൻ അനുവാദമില്ലെന്നും ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അധികൃതർ അറിയിച്ചു.

കഴിഞ്ഞ മേയ് 12 മുതൽ 15 വയസ്സ് വരെയുള്ളവർക്ക് ഫൈസർ ബയോഎൻടെക് വാക്സിൻ അടിയന്തിരമായി ഉപയോഗിക്കാൻ ആരോഗ്യ പ്രതിരോധ മന്ത്രാലയം അനുമതി നൽകിയിരുന്നു. പൊതുപരിപാടികളിൽ പങ്കെടുക്കുന്നവർ വാക്സിനേഷൻ സർട്ടിഫിക്കറ്റ് കൈയിൽ കരുതണം. അല്ലെങ്കിൽ അൽ ഹൊസ്ൻ ആപ്പ് വഴിയോ ദുബായ് ഹെൽത്ത് അതോറിറ്റി ആപ്പ് വഴിയോ വാക്സിനേഷൻ എടുത്തതിന്റെ രേഖ കാണിച്ചിരിക്കണം. എല്ലാ കോവിഡ് മുൻകരുതൽ നടപടികളും പൊതുജനങ്ങൾ പൂർണമായും പാലിച്ചിരിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു. നടപടികൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അധികാരികൾ പരിശോധന തുടരും. നിയമലംഘകർക്ക് കടുത്തശിക്ഷ ലഭിക്കും.

ഒമാനിൽ ആയിരത്തിനുമുകളിൽ കോവിഡ് കേസുകൾ

ദുബായ്: ഒമാനിൽ തിങ്കളാഴ്ചയും റിപ്പോർട്ട് ചെയ്തത് 1000-ത്തിന് മുകളിൽ കോവിഡ് കേസുകൾ. 1216 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 11 പേർകൂടി രോഗം ബാധിച്ച് മരണപ്പെട്ടു. ഇതുവരെ 2,25,095 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവരിൽ 2,05,305 പേർക്ക് രോഗം ഭേദമായി. ആകെ മരണം 2424 ആണ്. നിലവിൽ 966 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്.

യു.എ.ഇ.യിൽ 1968 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. മൂന്നുപേർ മരിക്കുകയുംചെയ്തു. 1933 പേർ സുഖംപ്രാപിച്ചു. പുതുതായി നടത്തിയ 2,08,090 പരിശോധനകളിൽനിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ സ്ഥിരീകരിച്ച കോവിഡ് കേസുകൾ 5,85,039. രോഗമുക്തർ 5,64,509. ആകെ മരണം 1702. നിലവിൽ 18,828 പേർ ചികിത്സയിലുണ്ട്.

ഖത്തറിൽ മൂന്നുപേർകൂടി രോഗം ബാധിച്ച് മരണപ്പെട്ടു. ആകെ മരണം 569 ആയി. 172 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. 344 പേർ സുഖംപ്രാപിച്ചു. 188 പേർ ചികിത്സയിലുണ്ട്. സൗദിയിൽ 1161 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ടുചെയ്തു. 1216 പേർ രോഗമുക്തി നേടി. 15 പേർ മരിക്കുകയുംചെയ്തു. ആകെ മരണം 7471 ആണ്. ആകെ 4,58,707 രോഗികളിൽ 4,41,860 പേരും രോഗമുക്തരായി. നിലവിൽ 9376 പേർ ചികിത്സയിലുണ്ട്.