ദുബായ് : എക്സ്‌പോ വില്ലേജിലെത്തിയാൽ കാണാം സംസ്കൃതം സംസാരിക്കുന്ന ഒരു ലാറ്റിനമേരിക്കകാരനെ. ഭാരതത്തിന്റെ പൗരാണിക ഭാഷയായ സംസ്‌കൃതം സംസാരിക്കുന്ന പരാഗ്വായ് രാജ്യക്കാരനായ ബഹുഭാഷാ പണ്ഡിതൻ കാർലോസ് മിഗ്വേൽ ടോറസ് റൊമേറോ ആണ് ലോകവേദിയിൽ വിസ്മയമുണർത്തുന്നത്. പഠിച്ചെടുക്കാൻ ഏറെ ബുദ്ധിമുട്ടുള്ള സംസ്കൃത ഭാഷ പരാഗ്വായ് പവിലിയനിലാണ് മണിമണിയായി സംസാരിച്ച് കാർലോസ് സന്ദർശകരെ കൈയിലെടുക്കുന്നത്. നിലവിൽ പവിലിയന്റെ ഭാഗമായ ഇദ്ദേഹം സന്ദർശകർക്ക് വിവിധ ഭാഷകളിൽ പവിലിയിനിലേക്കുള്ള ടൂറുകൾക്ക് നേതൃത്വം നൽകുകയാണ്. സ്പാനിഷ്, ഇംഗ്ലീഷ്, ഗ്വാരാനി, അറബി, ഫ്രഞ്ച്, പോർച്ചുഗീസ് ഭാഷകളിൽ നല്ല പ്രാവീണ്യമുള്ള കാർലോസിന്റെ ഭാഷാ പട്ടികയിൽ സംസ്‌കൃതം കൂടി അടുത്തിടെയാണ് ഇടംപിടിച്ചത്. വ്യത്യസ്തമായ ഒരു ഭാഷ സംസാരിക്കുകയെന്നത് പുതിയൊരു ലോകം അനുഭവിക്കുന്നത് പോലെയാണ്. ഒരു പുതിയ ഭാഷ പുതിയ സംസ്കാരങ്ങളുമായി ബന്ധപ്പെടുത്തുകയും പുതിയ ആശയങ്ങളെയും ചിന്താ രീതികളെയും കുറിച്ച് പരിചയപ്പെടുത്തുകയും എണ്ണമറ്റ അനുഭവങ്ങളും കഥകളും തുറന്നു തരികയും ചെയ്യുന്നു. ഇതാണ് ഒരു ബഹുഭാഷാ വിദഗ്ധനാകുന്നതിലേക്കും വ്യത്യസ്ത ഭാഷകളിൽ പാണ്ഡിത്യമുണ്ടാകുന്നതിലേക്കും നയിച്ചതെന്ന് കാർലോസ് പറയുന്നു.

വളരെ ചെറുപ്പം മുതൽക്കെ ഭാഷാ ശാസ്ത്ര കലയിൽ താത്പര്യമുണ്ടായിരുന്ന കാർലോസ് എട്ടാം വയസ്സിൽ മാതൃഭാഷകളായ സ്പാനിഷ്, ഗ്വാരാനി എന്നിവയിൽ പ്രാവീണ്യം നേടി. പല വാതിലുകളും തുറന്നുതരുന്ന ലോകഭാഷയായ ഇംഗ്ലീഷും സ്കൂളിലെ അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ ഭാഗമായ പോർച്ചുഗീസും പഠിച്ചു. 14 വയസ്സിലാണ് അറബി ഭാഷ സ്വയം പഠിച്ചെടുത്തത്. പിന്നീട് ലോകം മുഴുവനും സഞ്ചരിക്കാൻ ഇഷ്ടപ്പെട്ടു. പരാഗ്വായിയുടെ സ്കോളർഷിപ്പ് ലഭിച്ചതോടെ ഫ്രാൻസിലെ യൂണിവേഴ്‌സിറ്റിയിൽ മൂന്ന് മാസം ഫ്രഞ്ച് പഠിച്ചു.

കഴിഞ്ഞ 14 വർഷമായി അധ്യാപകനായി ജോലി ചെയ്യുകയാണ് ഇദ്ദേഹം. അറബി, ഫ്രഞ്ച്, സ്പാനിഷ് അറിയാത്തവർക്ക് സ്വകാര്യ ട്യൂഷനും നൽകുന്നുണ്ട്. കഴിഞ്ഞ ഒന്നര വർഷമായി ചൈനീസും ഒഴിവുവേളകളിൽ ടർക്കിഷും പഠിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. ഭാവിയിൽ ഭാഷാ ശാസ്ത്രത്തിലേക്ക് കൂടുതൽ കടക്കാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം.