ഷാർജ : സുരക്ഷാവ്യവസ്ഥകൾ ലംഘിച്ചതിന് ഷാർജ പോലീസ് 2021-ൽ കണ്ടുകെട്ടിയത് 6,700 മോട്ടോർ ബൈക്കുകൾ. ആഭ്യന്തരമന്ത്രാലയവുമായി ചേർന്ന് സമഗ്രപരിശോധനകളാണ് ഇക്കാലയളവിൽ പോലീസ് നടത്തിയത്.

വിവിധതരത്തിലുള്ള മോട്ടോർ ബൈക്കുകൾ കണ്ടുകെട്ടിയവയിൽ ഉൾപ്പെടുമെന്ന് ഷാർജ പോലീസ് ഗതാഗതവകുപ്പ് ഡയറക്ടർ ലഫ്റ്റനന്റ് കേണൽ അലായ് അൽ നഖ്ബി പറഞ്ഞു. ഇരുചക്രവാഹനങ്ങളുടെ സുരക്ഷയുറപ്പാക്കുക എന്നലക്ഷ്യത്തോടെയാണ് പരിശോധനകൾ കർശനമാക്കിയത്. പിടിച്ചെടുത്തവയിൽ കൂടുതലും ഡെലിവറി ബൈക്കുകളാണ്. അപകടസാധ്യതകൂടിയ വാഹനങ്ങളാണ് ഇരുചക്രവാഹനങ്ങൾ. അതുകൊണ്ടുതന്നെ 12 ഗതാഗതസുരക്ഷാ ബോധവത്കരണപദ്ധതികളും കഴിഞ്ഞവർഷം പോലീസ് സംഘടിപ്പിച്ചിരുന്നു. മോട്ടോർ ബൈക്കുകൾ ഓടിക്കുന്നവർ ഹെൽമെറ്റ്, കയ്യുറകൾ തുടങ്ങി മതിയായ എല്ലാ സുരക്ഷാസംവിധാനങ്ങളും ഉപയോഗിക്കണമെന്നും പോലീസ് അറിയിച്ചു.