ദുബായ് : പ്രളയംമൂലം ദുരിതമനുഭവിക്കുന്ന മലേഷ്യയിലെ ജനങ്ങൾക്ക് യു.എ.ഇ. 250 ടൺ ആശ്വാസസാമഗ്രികൾ എത്തിച്ചു. എമിറേറ്റ്‌സ് റെഡ് ക്രെസന്റാണ് (ഇ.ആർ.സി.) ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്തത്. പാർപ്പിടം, ഭക്ഷണം, ആരോഗ്യ ആവശ്യങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സഹായ കാമ്പയിന്റെ ആദ്യഘട്ടമാണിത്. മറ്റ് സഹായങ്ങൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേന ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരമാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ.

അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും എമിറേറ്റ്‌സ് റെഡ് ക്രസന്റ് അതോറിറ്റി മേധാവിയുമായ ശൈഖ് ഹംദാൻ ബിൻ സായിദാണ് കാമ്പയിൻ ഏകോപിപ്പിക്കുന്നത്.

പഹാങ് പ്രവിശ്യയുടെ കിരീടാവകാശി തെങ്കു ഹസ്സനാൽ ഇബ്രാഹിം അലാം ഷാ, മലേഷ്യയിലെ യു.എ.ഇ. അംബാസഡർ ഖാലിദ് ഗാനിം അൽ ഗൈത് എന്നിവരും സഹായവിതരണത്തിൽ പങ്കെടുത്തു. യു.എ.ഇയുടെ സഹായത്തിന് ഇബ്രാഹിം അലാം ഷാ നന്ദി അറിയിച്ചു.

പ്രകൃതി ദുരന്തങ്ങളെ നേരിടാനുള്ള ശ്രമങ്ങൾ യു.എ.ഇ. ഊർജിതമാക്കുകയാണെന്ന് ഇ.ആർ.സി സെക്രട്ടറി ജനറൽ ഡോ. മൊഹമ്മദ് അതീഖ് അൽ ഫലാഹി പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ മലേഷ്യയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച ആദ്യരാജ്യങ്ങളിലൊന്നാണ് യു.എ.ഇ. ഡിസംബർ 29-ന് എമിറേറ്റ്‌സ് റെഡ് ക്രസന്റ് അധികൃതർ മലേഷ്യയിലെ വെള്ളപ്പൊക്ക പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു.