ദുബായ് : പുതുവർഷാഘോഷം കഴിഞ്ഞ രാത്രി ദുബായ് നഗരം വൃത്തിയാക്കി മുനിസിപ്പാലിറ്റി. ഇതിനായി പ്രത്യേക സംഘത്തെയാണ് അധികൃതർ തയ്യാറാക്കിയിരുന്നത്. ആഘോഷപ്രദേശങ്ങൾക്ക് അകത്തും പുറത്തുമായി 100-ലേറെ ഇൻസ്പെക്ടർമാരും സൂപ്പർവൈസർമാരും പരിശോധന നടത്തി. ഇതിനായി 13,920 സന്ദർശനങ്ങളാണ് നടന്നത്. ശുചിത്വം ഉറപ്പാക്കാൻ 605 മുനിസിപ്പാലിറ്റി ക്ലീനർമാരും 62 സൂപ്പർവൈസർമാരും അടങ്ങുന്ന സംയോജിത ടീമിനെ ക്രമീകരിച്ചിരുന്നു. പ്രധാന ആഘോഷസ്ഥലങ്ങളിൽനിന്ന്‌ 15 ടണ്ണിലേറെ പൊതുമാലിന്യം നീക്കംചെയ്തു.

വിവിധ റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, ശീഷ കഫേകൾ, പാർക്കുകൾ, ബീച്ചുകൾ, ഷോപ്പിങ് മാളുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനങ്ങൾ. ശൈഖ് സായിദ് റോഡ്, എക്‌സ്‌പോ 2020 വില്ലേജ്, ബിസിനസ് ബേ സ്ട്രീറ്റ്, അൽ ഖൈൽ സ്ട്രീറ്റ്, ദുബായ് ഫ്രെയിം, അൽ സീഫ് സ്ട്രീറ്റ്, ബുർജ് ഖലീഫ പരിസരം, പൊതു ബീച്ചുകൾ, അൽ ഖുദ്ര, ലവ് ലേയ്ക്ക് തുടങ്ങിയ ഇടങ്ങളിലാണ് പ്രധാനമായും ശുചീകരിച്ചത്.

ആഘോഷവേളകളിൽ മാലിന്യം കുമിഞ്ഞുകൂടുന്നത് സംബന്ധിച്ച് 13 പരാതികൾ പരിഹരിച്ചു. ജനത്തിരക്കേറിയ സ്ഥലങ്ങളിൽ വിവിധ വലുപ്പത്തിലുള്ള 109 അധിക മാലിന്യ പാത്രങ്ങൾ വിതരണംചെയ്തു. ശുചീകരണ പ്രവർത്തനങ്ങൾക്കായി 61 വാഹനങ്ങളും ഉപകരണങ്ങളും ദുബായ് മുനിസിപ്പാലിറ്റി സജ്ജമാക്കിയിരുന്നു.