ദുബായ് : വെള്ളിയാഴ്ചകളിൽ ഏതാണ്ട് ഉച്ചവരെ കിടന്നുറങ്ങുകയെന്ന പ്രവാസികളുടെ ജീവിതരീതികൾ മാറുന്നു. വെള്ളിയാഴ്ച പൊതുഅവധിയെന്ന യു.എ.ഇ.യിലെ രീതി മാറിയതോടെ ഒട്ടുമിക്ക പ്രവാസികളും അവധിയാലസ്യം മറന്ന് രാവിലെ കുളിച്ചൊരുങ്ങി ഓഫീസുകളിലെത്തി. ഇതുമായി ബന്ധപ്പെട്ട് രസകരമായ വിവിധ ട്രോളുകളും സാമൂഹികമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ലോകത്ത് പ്രവൃത്തിദിനങ്ങൾ അഞ്ചിൽ താഴെയാക്കുന്ന ആദ്യരാജ്യമാണ് യു.എ.ഇ. പുതിയ പ്രവൃത്തിദിനങ്ങൾ പ്രാബല്യത്തിലായശേഷമുള്ള ആദ്യ വെള്ളിയാഴ്ച യു.എ.ഇ.യിലെ സർക്കാർ ഓഫീസുകളെല്ലാം പ്രവർത്തിച്ചു.

രാവിലെ മുതൽതന്നെ റോഡിൽ പതിവ് ഗതാഗതക്കുരുക്ക് പ്രത്യക്ഷപ്പെട്ടു. തിരക്കുപിടിച്ച് ബസിലും മെട്രോയിലും ടാക്സികളിലുമായി ഓഫീസുകളിലേക്ക് പോകുന്നവരുടെ നിരയും കാണാമായിരുന്നു. പതിവ് വെള്ളിയാഴ്ച ആലസ്യത്തിൽനിന്ന് വ്യത്യസ്തമായി സ്കൂൾ ബസുകളുടെ വലിയ നിരയുമുണ്ടായി. ഷാർജ ഒഴികെയുള്ള മിക്ക സർക്കാർ ഓഫീസുകളിലും രാവിലെ എട്ടുമണിക്ക് മുൻപുതന്നെ ജീവനക്കാരെത്തി. സേവനങ്ങൾ തേടി പൊതുജനങ്ങളും പതിവുപോലെ ഓഫീസുകളിലെത്തി. ബാങ്കുകളിലും രാവിലെ മുതൽക്കേ നല്ല തിരക്കനുഭവപ്പെട്ടു. സർക്കാർ ജീവനക്കാർക്ക് തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ വൈകീട്ട് 3.30 വരെയും വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12 വരെയുമാണ് പ്രവൃത്തിസമയം.

കഴിഞ്ഞമാസം പ്രഖ്യാപിച്ച വാരാന്ത്യ അവധിമാറ്റം ജനുവരി മൂന്ന് തിങ്കാളാഴ്ച മുതലായിരുന്നു രാജ്യത്ത് നിലവിൽ വന്നത്. അതിനുശേഷം വരുന്ന ആദ്യ വെള്ളിയാഴ്ചയാണ് കടന്നുപോയത്.

രാജ്യത്തെ സ്കൂളുകൾക്കും പതിവിന് വിപരീതമായി വെള്ളിയാഴ്ച ഉച്ചവരെ പ്രവൃത്തിദിവസമാണ്. സർക്കാർ സ്കൂളുകൾക്ക് മാത്രമേ നിയമം ബാധകമുള്ളുവെങ്കിലും രാജ്യത്തെ സ്വകാര്യ സ്കൂളുകളും ഈ രീതി തന്നെയാണ് പിന്തുടരുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം അവധി നൽകുന്നതു മൂലമുള്ള സമയനഷ്ടം പരിഹരിക്കുന്നതിനായി വിവിധ മാർഗങ്ങളാണ് സ്കൂളുകൾ സ്വീകരിക്കുന്നത്. ചില സ്ഥാപനങ്ങൾ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ഓൺലൈൻ പഠനത്തെ ആശ്രയിക്കുന്നുണ്ട്. മറ്റുചില സ്ഥാപനങ്ങൾ മറ്റുദിവസത്തിലെ സ്കൂൾ സമയം ഒരു മണിക്കൂർകൂടി വർധിപ്പിച്ചാണ് നഷ്ടം പരിഹരിക്കുന്നത്. ഷാർജയിൽ നാലുദിവസം പ്രവൃത്തി ദിനങ്ങളും മൂന്നുദിവസം അവധിയുമാണ്.

ജീവനക്കാർക്ക് അവരുടെ ജോലിയും ജീവിതവും തമ്മിലുള്ള സന്തുലനം കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ് പുതിയ തീരുമാനമെന്നും അതവരുടെ സാമൂഹികജീവിതത്തിന് കൂടുതൽ സഹായകമാവുമെന്നും യു.എ.ഇ. സർക്കാർ മീഡിയാ ഓഫീസ് കഴിഞ്ഞ മാസം പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞിരുന്നു.

യു.എ.ഇ. ആസ്ഥാനമായി പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ബഹുരാഷ്ട്ര കമ്പനികൾക്ക് കൂടുതൽ ശക്തമായ ബിസിനസ് ബന്ധങ്ങളും അവസരങ്ങളും ഇതിലൂടെ കൈവരുകയും ചെയ്യുമെന്നും ഔദ്യോഗിക വാർത്താക്കുറിപ്പിൽ വിശദമാക്കുന്നുണ്ട്.