ഷാർജ : നാട്ടിലെത്തുന്ന പ്രവാസികൾക്ക് വീണ്ടും ക്വാറന്റീൻ ഏർപ്പെടുത്തുന്നതിനെതിരേ പ്രവാസിമലയാളികളുടെ ഭാഗത്തുനിന്ന് പ്രതിഷേധമുയർന്നുകഴിഞ്ഞു. കോവിഡിന്റെ തുടക്കത്തിൽ കേരളത്തിൽനിന്ന് ഏറെ പഴികേട്ടവരാണ് ഗൾഫുനാടുകളിൽ ജോലിചെയ്യുന്ന സാധാരണക്കാരായ മലയാളികൾ. ഗൾഫുകാരാണ് കേരളത്തിൽ കോവിഡ് കൊണ്ടുവന്നത് എന്നായിരുന്നു അന്നത്തെ ആരോപണം.

അതിനാൽ തുടക്കത്തിൽ 28 ദിവസമാണ് അവധിക്ക്‌ നാട്ടിലെത്തിയ പ്രവാസികൾക്ക് സർക്കാർ ക്വാറന്റീൻ ഏർപ്പെടുത്തിയത്. പിന്നീട് ആർ.ടി.പി.സി.ആർ. പരിശോധന പൂർത്തിയാക്കി നെഗറ്റീവ് ഫലം ലഭിച്ചതിനുശേഷമായിരുന്നു പുറത്തിറങ്ങാൻ അവസരം. സ്വന്തക്കാരുടെ മൃതദേഹങ്ങൾ കാണാൻപോലും പ്രവാസികൾക്ക് അവസരം നിഷേധിച്ചിരുന്നു. മടങ്ങിയെത്തിയ പ്രവാസികളെ ഒറ്റപ്പെടുത്തിയും പരിഹസിച്ചും മാനസികസമ്മർദങ്ങളിലാഴ്ത്തിയ ഒട്ടേറെ അനുഭവങ്ങൾ പലർക്കുമുണ്ട്.

പന്നീട്, കേരളത്തിലെ പൊതുതിരഞ്ഞെടുപ്പുകളിൽ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട് ആൾക്കൂട്ടവും പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിക്കുകയും കോവിഡ് രോഗികൾ ക്രമാതീതമായി വർധിക്കുകയുംചെയ്തു. മാതാപിതാക്കൾ മരിച്ചിട്ടുപോലും ഗൾഫിലുള്ള പ്രവാസികൾക്ക് നാട്ടിലെത്താനും സാധിച്ചിട്ടില്ല. മരിച്ച കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾക്കൊപ്പം മാതാപിതാക്കൾക്ക് പോകാൻകഴിയാത്ത സന്ദർഭങ്ങളും മലയാളികൾ നേരിടുകയുണ്ടായി.

അത്തരം പ്രതിസന്ധിഘട്ടങ്ങൾ തരണംചെയ്ത പ്രവാസി മലയാളികൾക്കുനേരെ വീണ്ടും സംസ്ഥാന സർക്കാർ ഏഴുദിവസത്തെ ‘ക്വാറന്റീൻ ഭീഷണി’ മുഴക്കുകയാണെന്ന് പ്രവാസി കൂട്ടായ്മകളും പറയുന്നു. കോവിഡ് കാരണം രണ്ടുവർഷത്തിലധികമായി നാട്ടിൽപ്പോകാത്ത ലക്ഷക്കണക്കിന് പ്രവാസിമലയാളികൾ യു.എ.ഇ.യിലുണ്ട്.

പുതിയ സാഹചര്യത്തിൽ അവരുടെ യാത്ര വീണ്ടും തടസ്സമാവുകയാണ്. ഈ സാഹചര്യത്തിൽ യു.എ.ഇ.യിലെ പല പ്രവാസിസംഘടനകളും സർക്കാർവിരുദ്ധ പരാമർശങ്ങളാകുമെന്ന ആശങ്കയിൽ അഭിപ്രായപ്രകടനങ്ങളിൽനിന്ന് പിൻവലിയുകയുമാണ്.

മലയാളികൾക്കുമാത്രമേ ക്വാറന്റീൻ? ഷാർജ ഇന്ത്യൻ അസോസിയേഷൻന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. അവിടെയൊന്നും തിരിച്ചെത്തുന്ന പ്രവാസികൾക്ക് സർക്കാർ നിലവിൽ ക്വാറന്റീൻ ഏർപ്പെടുത്തിയിട്ടില്ല.

കേരളത്തിൽമാത്രമാണ് പാവങ്ങളായ പ്രവാസികൾക്കുനേരെ അധികാരികൾ ക്വാറന്റീൻ എന്നപേരിൽ ദ്രോഹനടപടികൾ സ്വീകരിക്കുന്നതെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം പറഞ്ഞു. യു.കെ.യിൽ ദിനംപ്രതി കോവിഡ് രോഗികൾ വർധിക്കുന്നതായാണ് അവിടെനിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. അവിടെയും വിദേശികൾക്ക് സ്വതന്ത്രമായി ജീവിക്കാൻ അവകാശമുണ്ട്. കോവിഡ് പരത്തുന്നത് പ്രവാസികൾ മാത്രമാണെന്ന കിംവദന്തി സർക്കാർ ആവർത്തിച്ചുപറയുകയാണ്. സ്വന്തംനാട്ടിൽ തിരിച്ചെത്താനും ഉറ്റവരെ കാണാനും സാധാരണക്കാരായ പ്രവാസികൾക്ക് അവകാശമില്ലെന്നാണോ സർക്കാർ പറയുന്നത്? പ്രവാസികളെ ദ്രോഹിക്കരുത് -ഇൻകാസ്പരിമിതമായ അവധിദിനങ്ങളിൽ കേരളത്തിലെത്തുന്ന പ്രവാസികൾക്കെതിരേയുള്ള ക്വാറന്റീൻ നടപടികൾ പിൻവലിക്കണമെന്ന് ഇൻകാസ് യു.എ.ഇ. കമ്മിറ്റി ജനറൽ സെക്രട്ടറി എസ്. മുഹമ്മദ് ജാബിർ പറഞ്ഞു.

കേരളത്തിൽ പകരുന്ന ഒമിക്രോൺ വൈറസ് വിദേശത്തുനിന്ന്‌ വന്നവരിൽനിന്ന്‌ വ്യാപിച്ചതാണെന്നതിന് തെളിവുകളൊന്നുമില്ല. അങ്ങിനെയുള്ള സാഹചര്യത്തിൽ പ്രവാസിമലയാളികളാണ് രോഗകാരണക്കാർ എന്നനിലയിൽ സർക്കാർ പഴയ ആരോപണങ്ങൾ ആവർത്തിക്കുകയാണ്. എത്രയുംപെട്ടന്ന് ക്വാറന്റീൻ നടപടികൾ പിൻവലിച്ച് പ്രവാസികളുടെ മടങ്ങിവരവിന് അനുകൂലസാഹചര്യമൊരുക്കണം.