ദുബായ് : എക്സ്‌പോയിൽ ജമ്മുകശ്മീർ ഒപ്പുവെച്ചത് ആറ് അന്താരാഷ്ട്ര നിക്ഷേപ ഉടമ്പടികളിൽ. റിയൽ എസ്റ്റേറ്റ്, അടിസ്ഥാനസൗകര്യം, വിനോദസഞ്ചാരം, ആരോഗ്യം, മാനവവിഭവശേഷി തൊഴിൽരംഗങ്ങളിലെ നിക്ഷേപങ്ങൾക്കായാണ് ഉടമ്പടികൾ. ലുലു ഇന്റർനാഷണൽ, എമാർ ഗ്രൂപ്പ്, അൽ മായ ഗ്രൂപ്പ്, എം.എ.ടി.യു. ഇൻവെസ്റ്റ്‌മെന്റ് എൽ.എൽ.സി., ജി.എൽ. എംപ്ലോയ്‌മെന്റ് ബ്രോക്കറേജ് എൽ.എൽ.സി., സെഞ്ച്വറി ഫിനാൻഷ്യൽ, നൂൺ ഇ-കൊമേഴ്‌സ്, മാഗ്ന വേവ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുമായാണ് ഉടമ്പടികൾ.

എക്സ്‌പോ ഇന്ത്യൻ പവലിയനിൽ നടന്ന ചടങ്ങിൽ ജമ്മുകശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ നിക്ഷേപകരെ അഭിസംബോധനചെയ്തു. ജമ്മുകശ്മീർ സാധ്യതകളുടെ നാടായി മാറിക്കൊണ്ടിരിക്കുകയാണ്. ഇവിടുത്തെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് കരുത്തേകുന്ന 2.5 ബില്യൺ യു.എസ്. ഡോളർ നിക്ഷേപമാണ് 2021-ൽ ഒപ്പുവെക്കപ്പെട്ടത്. ആഗോളനിക്ഷേപകരെ ആകർഷിക്കുന്ന നിരവധി പദ്ധതികൾക്ക് തുടക്കംകുറിച്ചുവരികയാണ്. ഇതിനായുള്ള നിക്ഷേപസൗഹാർദ നിയമനിർമാണവും നടത്തിയതായും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഡി.പി. വേൾഡ് ചെയർമാൻ സുൽത്താൻ അഹമ്മദ് ബിൻ സുലൈമാനുമായി മേഖലയിലെ സാധ്യതകളെക്കുറിച്ച് സിൻഹ ചർച്ചകൾ നടത്തി.

യു.എ.ഇ.യുടെ ഏറ്റവുംവലിയ രണ്ടാമത്തെ വാണിജ്യപങ്കാളിരാഷ്ട്രമാണ് ഇന്ത്യയെന്ന് ഇന്ത്യയിലെ യു.എ.ഇ. സ്ഥാനപതി ഡോ. അഹമ്മദ് അബ്ദുൽ റഹ്മാൻ അൽ ബന്ന പറഞ്ഞു. 2019-20 കാലഘട്ടത്തിൽ 60 ബില്യൺ യു.എസ്. ഡോളറിന്റെ വിദേശവ്യവസായമാണ് ഇരുരാജ്യങ്ങൾക്കിടയിൽ നടന്നത്. സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടിയുടെ (സി.ഇ.പി.എ.) അടിസ്ഥാനത്തിലുള്ളതാണ് ഇത്. എട്ടുവർഷത്തിനുള്ളിൽ ഇത് 100 ബില്യൺ യു.എസ്. ഡോളറാക്കി ഉയർത്തുകയെന്നതാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

2019-ൽ ഇന്ത്യാ സർക്കാർ ഭരണപരമായ മാറ്റങ്ങൾ പ്രഖ്യാപിച്ചതുമുതൽ ജമ്മുകശ്മീരിന്റെ സാധ്യതകളിലേക്ക് കൂടുതൽ നിക്ഷേപകരാണ് കടന്നുവരുന്നതെന്ന് യു.എ.ഇ. ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ വ്യക്തമാക്കി. രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വാണിജ്യ വ്യവസായ രംഗങ്ങൾക്ക് കൂടുതൽ കരുത്തുപകരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര വാണിജ്യ വ്യവസായ വിഭാഗം പ്രിൻസിപ്പൽ സെക്രട്ടറി രഞ്ജൻ പ്രകാശ് താക്കൂർ, ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമാൻ പുരി എന്നിവരും സംബന്ധിച്ചു.