ദുബായ്

: യു.എ.ഇ. യിൽ സർക്കാർ ഓഫീസുകളിലെ അവധി പുനഃക്രമീകരണത്തിന് ശേഷമുള്ള ആദ്യ വെള്ളിയാഴ്ച 70 ശതമാനം പേർ ജോലിക്കെത്തി. യു.എ.ഇ.യിൽ ഷാർജ ഒഴികെയുള്ള എമിറേറ്റുകളിലെ പ്രവൃത്തിദിവസങ്ങൾ നാലരയായി കുറച്ചതിനുശേഷം സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന ആദ്യ വെള്ളിയാഴ്ചയാണ് കഴിഞ്ഞത്.

കമ്പനികളുടെ അനുമതിയോടെ വെള്ളിയാഴ്ചകളിൽ വീടുകളിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ജനുവരി ഒന്നുമുതലാണ് യു.എ.ഇ.യിൽ വാരാന്ത്യ അവധി രണ്ടര ദിവസമാക്കിയത്. വെള്ളിയാഴ്ച ഉച്ചവരെയാണ് ഓഫീസുകളുടെ പ്രവർത്തനം.

വെള്ളിയാഴ്ച പ്രാർഥനയ്ക്ക് തടസ്സം വരാതിരിക്കാനായി ജുമാ നമസ്കാരം ഉച്ചയ്ക്ക് 1.15 എന്നാക്കി ഏകീകരിച്ചിട്ടുണ്ട്.

ഷാർജയിൽ വെള്ളിയാഴ്ച അടക്കം മൂന്ന് ദിവസമാണ് വാരാന്ത്യ അവധി. അവിടെ ജുമാ നമസ്കാരം പതിവുപോലെ നടക്കും.

സർക്കാർ മേഖലയോടൊപ്പം ഒട്ടുമിക്ക സ്വകാര്യ സ്ഥാപനങ്ങളിലും രണ്ടരദിവസം അവധിയിലേക്ക് മാറാനുള്ള നീക്കം നടക്കുന്നുണ്ട്. ഗൾഫ് രാജ്യത്ത് ഞായറാഴ്ച അവധിയാക്കുന്നത് ആദ്യമായിട്ടാണ്. ആഗോള വാണിജ്യ രീതിയിലേക്ക് മാറുന്നതിനും തൊഴിൽ- ജീവിത സന്തുലനവും മുൻനിർത്തിയാണ് യു.എ.ഇ. വെള്ളിയാഴ്ച പ്രവൃത്തി ദിനമാക്കുകയും ശനി ഞായർ അവധി ദിനങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തത്.

വെള്ളിയാഴ്ച പ്രവൃത്തിദിവസമാകുന്നത് ലോകരാജ്യങ്ങളുമായുള്ള യു.എ.ഇ.യുടെ വാണിജ്യബന്ധങ്ങളിൽ വലിയ ഉയർച്ചകൊണ്ടുവരുമെന്ന് കണക്കാക്കുന്നു.