ദുബായ് : യു.എ.ഇ.യിലെ സർക്കാർ മേഖലയിൽ വാരാന്ത്യ അവധിദിനങ്ങളിൽ മാറ്റംവരുത്തുന്ന സാഹചര്യത്തിൽ രാജ്യത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധിദിനങ്ങളിലും മാറ്റമുണ്ടായേക്കാം.

നോളജ് ആൻഡ്‌ ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് ട്വീറ്റ് ചെയ്തു. സർക്കാർ അറിയിപ്പിന് അനുസൃതമായി സ്വകാര്യ വിദ്യാഭ്യാസരംഗത്തും മാറ്റംവരുമെന്നാണ് അറിയിപ്പിലുള്ളത്. എന്നാൽ, ഇക്കാര്യത്തിൽ യു.എ.ഇ. വിദ്യാഭ്യാസമന്ത്രാലയത്തിൽ നിന്നുള്ള അറിയിപ്പ് വരേണ്ടതുണ്ട്.

ശനി, ഞായർ ദിവസങ്ങൾ അവധിയും തിങ്കൾ മുതൽ വെള്ളിയാഴ്ച ഉച്ചവരെ പ്രവൃത്തിദിനവുമാക്കി മാറ്റിയുള്ള അറിയിപ്പ് യു.എ.ഇ.യിലെ ഫെഡറൽ സർക്കാർ സ്ഥാപനങ്ങൾക്കാണ് ബാധകമാക്കിയിട്ടുള്ളത്. എന്നാൽ, ഇത് സംബന്ധിച്ച് ദുബായ് മീഡിയാ ഓഫീസ് പുറത്തിറക്കിയ അറിയിപ്പ് പങ്കുവെച്ചുകൊണ്ടാണ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതേരീതി പിന്തുടരുമെന്ന് ദുബായ് നോളജ് ആൻഡ്‌ ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി ട്വീറ്റ് ചെയ്തത്. പുതിയ സംവിധാനത്തിലേക്ക് മാറാൻ സുഗമമായ രീതിയിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അറിയിപ്പിലുണ്ട്. അതേസമയം വാരാന്ത്യ അവധിദിനങ്ങളിൽ മാറ്റംവരുത്തിക്കൊണ്ട് ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നതിന് പിന്നാലെ വാർത്ത വ്യാജമെന്ന തരത്തിലുള്ള സന്ദേശങ്ങളും പ്രചരിച്ചിരുന്നു.

എന്നാൽ, ഇക്കാര്യം യു.എ.ഇ.യുടെ ഔദ്യോഗിക വാർത്താ ഏജൻസിയും മീഡിയാ ഓഫീസും ഔദ്യോഗികമായിത്തന്നെ അറിയിച്ചിട്ടുമുണ്ട്. പുതിയ അവധിമാറ്റം ജീവനക്കാർക്ക് അവരുടെ കുടുംബജീവിതവും സാമൂഹിക ഇടപെടലും കൂടുതൽ മെച്ചപ്പെട്ടതാക്കാൻ സഹായിക്കും. ശനിയും ഞായറും അവധിദിനങ്ങളായ ലോകരാജ്യങ്ങളുമായുള്ള സാമ്പത്തിക ഇടപാടുകൾ പുതിയ തീരുമാനത്തിലൂടെ കൂടുതൽ സുഗമമാവും.

യു.എ.ഇ. ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികൾക്ക് കൂടുതൽ ശക്തമായ ബിസിനസ് ബന്ധങ്ങളും അവസരങ്ങളും കൈവരുമെന്നാണ് വിലയിരുത്തൽ.