ദുബായ് : വാരാന്ത്യ അവധിദിനങ്ങളിലെ മാറ്റം വ്യാവസായിക മേഖലയ്ക്ക് കുതിപ്പ് പകരുമെന്ന് സാമ്പത്തിക വിദഗ്ധർ. വിവിധ രാജ്യങ്ങളിലെ ഓഹരി വിപണിക്കും ഇത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. യു.എ.ഇ. സർക്കാർ മേഖലയിലെ പൊതു അവധിദിനങ്ങളിലെ മാറ്റം വ്യാവസായിക ലോകം സ്വാഗതംചെയ്തു.

ലോകരാജ്യങ്ങളുമായി യു.എ.ഇയുടെ പൊതു അവധി ഏകീകരിക്കപ്പെടുന്നത് എല്ലാത്തരം വ്യവസായങ്ങൾക്കും ഗുണംചെയ്യും. ഷിപ്പിങ് ഉൾപ്പെടെയുള്ള മേഖലകൾക്ക് ഇത് വലിയ ഗുണംചെയ്യുമെന്ന് ഇ.സി.എച്ച്. മേധാവി ഇഖ്ബാൽ മാർക്കോണി അഭിപ്രായപ്പെട്ടു. യു.എ.ഇയുടെ ചുവടുപിടിച്ച് കൂടുതൽ അറബ് രാജ്യങ്ങൾ വാരാന്ത്യ അവധിയിൽ മാറ്റംവരുത്താനുള്ള സാധ്യതകാണുന്നു.

ബാങ്കിങ് മേഖലയിൽ സേവനങ്ങളുടെ സമയനഷ്ടം കുറയും. അത് സാധാരണക്കാർക്കും ഗുണം ചെയ്യും.

വാരാന്ത്യ അവധിയിൽ അന്താരാഷ്ട്ര സമൂഹവുമായി ഐക്യപ്പെടുന്നതോടെ കൂടുതൽ ആളുകൾ യു.എ.ഇയിലേക്ക് താമസം മാറിയെത്തും. അവധിക്ക് നാട്ടിൽപ്പോകുന്ന പ്രവാസികൾക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും ഈ തീരുമാനം ഉപകരിക്കുമെന്നും ഇഖ്ബാൽ മാർക്കോണി വ്യക്തമാക്കി.

വിവിധ രാജ്യങ്ങളുടെ ഓഹരി വിപണിക്ക് കരുത്ത് പകരുന്നതായിരിക്കും യു.എ.ഇയുടെ പുതിയ തീരുമാനമെന്ന് സാമ്പത്തിക വിദഗ്ധനായ പി.കെ. സജിത്ത് കുമാർ പ്രതികരിച്ചു. സാമ്പത്തിക മേഖലയിൽ വൻകുതിപ്പുണ്ടാകും.

അന്താരാഷ്ട്ര വിപണിയിൽ കൂടുതൽ എളുപ്പത്തിൽ ഇടപാടുകൾ നടത്താൻ യു.എ.ഇക്ക് ഇനി കഴിയും. ഓഹരി വിപണിയിൽ പ്രകടമായ വളർച്ചയുണ്ടാകും. ഇത്തവണ 4.9 ശതമാനം വളർച്ചനിരക്ക് യു.എ.ഇയിൽ പ്രതീക്ഷിക്കാം. ആ ലക്ഷ്യത്തിലേക്ക് വേഗത്തിൽ എത്താൻ വാരാന്ത്യ അവധി ഏകീകരണംകൊണ്ട് സാധിക്കും. ഡോളർ വിനിമയത്തിനും ഇത് ഗുണംചെയ്യും. വിവിധ രാജ്യങ്ങളുമായുള്ള പുതിയ ഉഭയകക്ഷി വ്യാപാര കരാറുകൾക്കും പുതിയ തീരുമാനം ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.