മസ്‌കറ്റ് : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒമാനിൽ രാത്രികാലങ്ങളിൽ പുറത്തിറങ്ങുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് സുപ്രീംകമ്മിറ്റി പിൻവലിച്ചു. രാത്രി എട്ടുമണിമുതൽ രാവിലെ അഞ്ചുമണിവരെ ഏർപ്പെടുത്തിയിരുന്ന വിലക്കാണ് പിൻവലിച്ചത്. വ്യാഴാഴ്ചമുതൽ ഇളവ് പ്രാബല്യത്തിലാകും. വാഹനങ്ങൾക്കും സഞ്ചരിക്കാൻ അനുവാദമുണ്ടായിരിക്കും.

രാത്രികാലങ്ങളിൽ വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിനുള്ള വിലക്ക് തുടരും. രാജ്യത്തെ ജിമ്മുകൾ, ഹെൽത്ത് ക്ലബ്ബുകൾ തുടങ്ങിയവ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടാനും സുപ്രിംകമ്മിറ്റി ഉത്തരവിട്ടു. അടിയന്തര പ്രാധാന്യത്തോടെ ഇത് നടപ്പാക്കണം. ബീച്ച് പാർക്കുകൾ, പുന്തോട്ടങ്ങൾ എന്നിവിടങ്ങളിൽ ആളുകൾ വരുന്നതിന് വിലക്കില്ല. കായികപ്രവർത്തനങ്ങൾക്ക് രാജ്യത്ത് വിലക്കുണ്ട്.

റംസാനിൽ രാത്രി ഒൻപത് മണിമുതൽ രാവിലെ നാലു മണിവരെ ആളുകൾ വീടുകളിൽനിന്ന് പുറത്തിറങ്ങരുതെന്ന് സുപ്രിം കമ്മിറ്റി നിർദേശിച്ചിരുന്നു. അതോടൊപ്പം വീടുകളിലും പൊതു സ്ഥലങ്ങളിലും നടത്തുന്ന ഇഫ്താർ പരിപാടികളും പാടില്ല. റംസാന് മുന്നോടിയായി ഇളവ് പ്രഖ്യാപിച്ചത് സ്വദേശികൾക്കും പ്രവാസികൾക്കും ഏറെ ആശ്വാസകരമാവും. ഒമാനിൽ ക്ഷേത്രങ്ങളും ക്രിസ്തീയ ദേവാലയങ്ങളും ഒരറിയിപ്പുണ്ടാകുന്നതുവരെ അടച്ചിട്ടിരിക്കുകയാണ്.

ഇന്നുമുതൽ സന്ദർശക വിസ നൽകില്ല

മസ്‌കറ്റ് : കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ഒമാൻ സുപ്രീംകമ്മിറ്റി യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഏപ്രിൽ എട്ടുമുതൽ സന്ദർശകവിസ അനുവദിക്കില്ല. പ്രവേശനം സ്വദേശികൾക്കും താമസവിസയുള്ളവർക്കും മാത്രമായി പരിമിതപ്പെടുത്തി.

രാജ്യത്ത് സ്വദേശികൾക്ക് ഏർപ്പെടുത്തിയിരുന്ന നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനും ഒഴിവാക്കിയിട്ടുണ്ട്. ബുധനാഴ്ച ഈ നിയമം പ്രാബല്യത്തിലായി. എന്നാൽ, ഇവർ മറ്റു കോവിഡ് സുരക്ഷാമാനദണ്ഡങ്ങളും ക്വാറന്റീൻ ഒഴികെയുള്ള നിബന്ധനകളും പാലിക്കണം. കര, വ്യോമ, സമുദ്രമാർഗങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന സ്വദേശികൾക്ക് ഇത് ബാധകമാണ്. ഇന്ത്യയിൽനിന്ന് സൗദി അറേബ്യയിലേക്കുള്ള പ്രവേശനം നിയന്ത്രിച്ച സാഹചര്യത്തിൽ ഒമാൻ വഴിയാണ് ആളുകൾ ആ രാജ്യത്തേക്ക് പോകുന്നത്. ഒമാനിൽ 14 ദിവസം ഹോട്ടലിൽ ക്വാറന്റീനിൽ കഴിഞ്ഞശേഷം അവിടെനിന്ന് സൗദിയിലേക്ക് പോകുന്നതായിരുന്നു രീതി.