ദുബായ് : ലോക എക്സ്‌പോ 2020 ദുബായ് പവിലിയനുകളിൽ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ. ഒക്ടോബർ ഒന്നിന് എക്സ്‌പോ തുടങ്ങുന്നതിന് മുന്നോടിയായാണ് നടപടികൾ പൂർത്തിയാക്കി നിയമനം നൽകുക. ഇതിനായി ഒട്ടേറെ ഏജൻസികളെയും നിയമിച്ചിട്ടുണ്ട്.

അതിഥികൾക്കുള്ള സേവനങ്ങൾ, ടൂർ ഗൈഡുകൾ, ഷെഫ്, ഹോസ്റ്റുകൾ, സൈറ്റ് മാനേജർമാർ, മീഡിയാ ഓഫീസർ തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം. 2000 മുതൽ 30,000 ദിർഹംവരെ പ്രതിമാസവേതനം വാഗ്ദാനം ചെയ്യുന്ന ജോലികളാണ് എക്സ്‌പോ വേദികളിൽ ഒരുങ്ങുന്നത്. വിദ്യാഭ്യാസം, തൊഴിൽപരിചയം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക. https://careers.expo2020dubai.com.

വിവിധ പവിലിയനുകളിലേക്കാണ് നിയമനമുണ്ടാവുക. 438 ഹെക്ടർ സ്ഥലത്ത് 192 രാജ്യത്തെ പവിലിയനുകളുണ്ട്. ചില വലിയ പവിലിയനുകളിലേക്ക് 200 ഉദ്യോഗസ്ഥരെ വരെ ആവശ്യമുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, അറബിക് ഭാഷകളിൽ പ്രാവിണ്യമുള്ളവർക്ക് പ്രത്യേക പരിഗണനയുണ്ട്. സന്ദർശകരുമായി ആശയവിനിമയം നടത്താനുള്ള കഴിവുണ്ടായിരിക്കണം. പവിലിയൻ ഗൈഡുകൾക്ക് 8000 ദിർഹം മുതൽ 12,000 ദിർഹം വരെയാണ് വേതനം. ഓപ്പറേഷൻസ് മാനേജർക്ക് 15,000 മുതൽ 25,000 ദിർഹം വരെയുണ്ടാകും. റിസപ്ഷനിസ്റ്റ്, ലോഞ്ച് സ്റ്റാഫ് എന്നിവർക്ക് 6000 ദിർഹവും താമസവും. മീഡിയ ഓഫീസർ 10,000 ദിർഹം മുതൽ 15,000 വരെ ലഭിക്കും. പ്രോട്ടോക്കോൾ ആൻഡ്‌ ഇവന്റ് ഓഫീസർക്ക് 15,000 മുതൽ 20,000 ദിർഹം വരെയാണ് വേതനം. ഹൗസ്‌കീപ്പിങ് മാനേജർ 15,000 മുതൽ 30,000 വരെ. ഹോസ്പിറ്റാലിറ്റി 2000-വും താമസവും. ഇവന്റ് ഷെഫിന് 18,000-25,000 ദിർഹം. ഇവന്റ്‌സ് മാനേജർ 15,000-25,000 എന്നിങ്ങനെയാണ് വേതനവ്യവസ്ഥകൾ.