അബുദാബി : ചെച്‌നിയൻ തലസ്ഥാനമായ ഗ്രോസ്‌നിയിലെ പ്രധാന റോഡിന് അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പേര് നൽകി. പേരിടൽ ചടങ്ങ് ചെച്‌നിയൻ പ്രസിഡൻറ്്‌ റംസാൻ കാദിറോവ് ഉദ്ഘാടനംചെയ്തു. യു.എ.ഇ.യും ചെച്‌നിയയും തമ്മിലുള്ള ഊഷ്മളമായ ബന്ധം വിശദീകരിച്ച പ്രസിഡന്റ്, ശൈഖ് മുഹമ്മദിന്റെ വ്യക്തിത്വത്തോടും മൂല്യങ്ങളോടുമുള്ള മതിപ്പ് ഊന്നിപ്പറയുകയും അഭിനന്ദിക്കുകയും ചെയ്തു.

രണ്ട് സൗഹൃദരാജ്യങ്ങൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനുള്ള ശൈഖ് മുഹമ്മദിന്റെ ശ്രമങ്ങളെ മാനിച്ചാണ് റോഡിന് അദ്ദേഹത്തിന്റെ പേരുനൽകിയതെന്നും യു.എ.ഇ. ആരംഭിച്ച വികസനപദ്ധതികൾക്കുള്ള നന്ദിയറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

റഷ്യയിലെ യു.എ.ഇ. സ്ഥാനപതി ഡോ. മുഹമ്മദ് അഹമ്മദ് അൽ ജാബർ ചടങ്ങിൽ പങ്കെടുത്തു. ചെച്‌നിയൻ നേതൃത്വത്തിന് നന്ദി പറഞ്ഞ സ്ഥാനപതി, പ്രസിഡന്റ് കാദിറോവിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചു. പരിപാടിയുടെ ഭാഗമായി ഗ്രോസ്‌നിയുടെ തെരുവുകൾ യു.എ.ഇ-റഷ്യൻ, ചെച്‌നിയൻ പതാകകൾ കൊണ്ട് അലങ്കരിച്ചിരുന്നു.