അബുദാബി : കർശന നിയന്ത്രണങ്ങളോടെ യു.എ.ഇ. സ്‌കൂളുകളിൽ എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി പരീക്ഷകൾക്ക് വ്യാഴാഴ്ച തുടക്കമാവും. ഒമ്പത് കേന്ദ്രങ്ങളിലായി 546 വിദ്യാർഥികളാണ് എസ്.എസ്.എൽ.സി. പരീക്ഷയെഴുതുക. എട്ട് കേന്ദ്രങ്ങളിലായി 491 വിദ്യാർഥികളാണ് ഹയർ സെക്കൻഡറി പരീക്ഷയെഴുതുന്നത്. പരീക്ഷാഭവൻ ജോയന്റ് കമ്മിഷണർ ഗിരീഷിന്റെ നേതൃത്വത്തിൽ നാട്ടിൽനിന്നെത്തിയ അധ്യാപകരാണ് ഓരോ കേന്ദ്രങ്ങളിലും പരീക്ഷകൾക്ക് നേതൃത്വംനൽകുക. ബുധനാഴ്ചതന്നെ അധ്യാപകർ വിവിധ പരീക്ഷാ കേന്ദ്രങ്ങൾ സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തിയിരുന്നു.

കർശന കോവിഡ് വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് പരീക്ഷകൾ നടക്കുക. അരമണിക്കൂർമുമ്പേ വിദ്യാർഥികൾ സ്കൂളിലെത്തണം. സാമൂഹികാകലം പാലിച്ചുകൊണ്ട് രണ്ടുമീറ്റർ അകലത്തിലാണ് വിദ്യാർഥികൾ ഇരിക്കേണ്ടത്. ഒമ്പതുമുതൽ പതിനൊന്ന് പേർക്കാണ് ഒരു ക്ലാസിൽ അനുമതി. മുഖാവരണവും കൈയുറകളും നിർബന്ധമാണ്. 14 ദിവസത്തിനുള്ളിൽ കോവിഡ് പരിശോധന നടത്തിയതായി സത്യവാങ്മൂലവും നൽകണം. മാർച്ച് 17-ന് നടത്താൻ തീരുമാനിച്ചിരുന്ന എസ്.എസ്.എൽ.സി. പരീക്ഷ പല കാരണങ്ങളാൽ നീണ്ടുപോവുകയായിരുന്നു.

യു.എ.ഇ.യിൽ ഏറ്റവുമധികം വിദ്യാർഥികൾ പരീക്ഷയെഴുതുന്നത് അബുദാബി മോഡൽ സ്കൂളിലാണെന്ന് പ്രിൻസിപ്പൽ ഖാദർ മാസ്റ്റർ അറിയിച്ചു. 143 വിദ്യാർഥികളാണ് ഇവിടെ പരീക്ഷയെഴുതുന്നത്.