ദുബായ് : അനധികൃതമായി പരിഷ്കരിച്ച കാറുകളും മോട്ടോർബൈക്കുകളും ഉൾപ്പെടെ 1422 അത്യാഡംബര വാഹനങ്ങൾ ദുബായ് പോലീസ് പിടിച്ചെടുത്തു. ഗതാഗത നിയമലംഘനം നടത്തിയത് ഉൾപ്പെടെയുള്ള കുറ്റങ്ങൾ നടത്തിയതിനാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. ഈ വർഷം ഫെബ്രുവരി 11 മുതൽ ആരംഭിച്ച ഗതാഗത പ്രചാരണത്തിന്റെ ഭാഗമായാണ് നടപടി.

വാഹനങ്ങളുടെ എൻജിനുകൾ അനധികൃതമായി പരിഷ്കരിച്ചതായും പരിസരവാസികൾക്ക് അലോസരമുണ്ടാക്കിയതായും പരിശോധനയിൽ കണ്ടെത്തിയിരുന്നു. സുരക്ഷിതയാത്ര, മരണസംഖ്യ കുറയ്ക്കൽ, പൊതുസ്വത്തുക്കൾ സംരക്ഷിക്കൽ എന്നിവയാണ് പോലീസ് പ്രചാരണത്തിന്റെ ലക്ഷ്യമെന്ന് ബർ ദുബായ് പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ അബ്ദുല്ല കാദിം സൊറൂർ പറഞ്ഞു.