ദുബായ് : അഫ്ഗാൻ ജനതയ്ക്കുള്ള സഹായവുമായി യു.എ.ഇ.യുടെ നാലാമത് വിമാനം കാബൂളിലേക്ക് പറന്നു. അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സംവിധാനം ചെയ്ത എയർ ബ്രിഡ്ജിന്റെ ഭാഗമായാണ് നാലാമത് സഹായവിമാനം പറന്നത്.

അഫ്ഗാനിലെ മാനുഷികശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി മെഡിക്കൽ വസ്തുക്കളും ഭക്ഷ്യവസ്തുക്കളും കാബൂളിലെത്തിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിന് അഫ്ഗാൻ കുടുംബങ്ങൾക്ക് നൽകുന്ന പിന്തുണയും സഹായവും ഊർജിതമാക്കുന്നതിനായി യു.എ.ഇ. എയർ ബ്രിഡ്ജ് മുഴുവൻ സമയവും പ്രവർത്തിക്കുമെന്ന് അധികൃതർ പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ സമീപകാല സംഭവവികാസങ്ങൾക്ക് ശേഷം കാബൂളിലേക്ക് അടിയന്തര മാനുഷിക സഹായം എത്തിച്ച ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് യു.എ.ഇ.