ദുബായ് : യു.എ.ഇയിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ ഹാദി എക്സ്‌പ്രസ് എക്സ്‌ചേഞ്ചിന് ‘ഗ്രേറ്റ് പ്ലേസ് റ്റു വർക്ക്’ സർട്ടിഫിക്കേഷൻ. ജീവനക്കാർക്ക് മികച്ച ജോലി സാഹചര്യങ്ങൾ നൽകുകയും പ്രവർത്തന മികവ് കാഴ്ചവെക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന ആഗോള അംഗീകാരമാണ് ഹാദി എക്സ്‌ചേഞ്ചിന് ലഭിച്ചത്.

ജീവനക്കാർക്ക് സുരക്ഷയും ജോലി ചെയ്യാനുള്ള സമാധാനാന്തരീക്ഷവും സൃഷ്ടിക്കുകയും അതിലൂടെ അവരുടെ ജോലി സമ്മർദം കുറയ്ക്കാൻ മുൻകൈയെടുക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളെ കണ്ടെത്തി അത്തരം സാഹചര്യങ്ങൾ നിലനിർത്താനായി പ്രവർത്തിക്കുന്ന അംഗീകൃത സംഘടനയാണ് ഗ്രേറ്റ് പ്ളേസ് റ്റു വർക്ക്. സംഘടനയുടെ മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തി ഒരു വർഷത്തേക്കാണ് സർട്ടിഫിക്കേഷൻ നൽകുന്നത്.

‘ഗ്രേറ്റ് പ്ലേസ് റ്റു വർക്ക്’ അംഗീകാരം ലഭിച്ചതിലുള്ള അതിയായ സന്തോഷം പങ്കു വെക്കുന്നതോടൊപ്പം, ഈ നേട്ടത്തിന് തങ്ങളെ അർഹമാക്കിയ എല്ലാ ജീവനക്കാരോടും നന്ദിയും അറിയിക്കുന്നുവെന്നും ഹാദി എക്സ്‌ചേഞ്ച് സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് ഷെരീഫ് അൽ ഹാദി ദുബായിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹാദി എക്സ്‌ചേഞ്ചിലെ ഓരോ ജീവനക്കാരന്റെയും കഠിനാധ്വാനവും അർപ്പണ മനോഭാവവുമാണ് ഈ നേട്ടത്തിന് തങ്ങളെ അർഹരാക്കിയതെന്ന് ജനറൽ മാനേജർ ആൽബിൻ തോമസ് വ്യക്തമാക്കി. ഗ്രേറ്റ് പ്ളേസ് റ്റു വർക്ക് മാനേജിങ് ഡയറക്ടർ ഇബ്രാഹിം മൗഗർബെൽ, ഹാദി എക്സ്‌ചേഞ്ച് ഡെപ്യൂട്ടി ജനറൽ മാനേജർ അരുൺ ഹെന്റി, എക്സിൻസ് സി.ഇ.ഒ. അബ്ദുൽ വാഹിദ് ബിൻ ദൗവ എന്നിവരും പങ്കെടുത്തു.