മസ്കറ്റ് : ഷഹീൻ ചുഴലിക്കാറ്റിന്റെ ഭീതിയൊഴിഞ്ഞ് ഒമാൻ. ചുഴലിക്കാറ്റിനെത്തുടർന്ന് വൈദ്യുതി വിതരണം തകരാറിലായ മസ്കറ്റ് ഗവർണറേറ്റിലെ വൈദ്യുതി വിതരണം പൂർണമായും പുനഃസ്ഥാപിച്ചു. ഒമാൻ അതോറിറ്റി ഫോർ പബ്ലിക് സർവീസസ് റെഗുലേഷനാണ് ഇക്കാര്യം അറിയിച്ചത്. ബർക്ക, സഹം മുതലായ മേഖലകളിലും വൈദ്യുതി വിതരണം പൂർണമായി പുനഃസ്ഥാപിച്ചിട്ടുണ്ട്.

വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ സുവൈഖിൽ പുരോഗമിക്കുന്നതായും അധികൃതർ അറിയിച്ചു. സുവൈഖിൽ 22 ശതമാനം വൈദ്യുതിബന്ധമാണ് പുനഃസ്ഥാപിച്ചത്. മുസന്ന വിലായത്തിൽ വൈദ്യുതി ബന്ധം 92 ശതമാനം പുനഃസ്ഥാപിച്ചതായും അൽ ഖാബൗറ വിലായത്തിൽ 76 ശതമാനം പുനഃസ്ഥാപിച്ചതായും അധികൃതർ പറഞ്ഞു. അതേസമയം നോർത്ത് അൽ ബത്തീന, സൗത്ത് അൽ ബത്തീന ഗവർണറേറ്റുകളിലെ ജലവിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികളും പൂർത്തിയാക്കിയിട്ടുണ്ടെന്നും ഒമാൻ അതോറിറ്റി ഫോർ പബ്ലിക് സർവീസസ് റെഗുലേഷൻ കൂട്ടിച്ചേർത്തു.

ഷഹീൻ ചുഴലിക്കാറ്റിനെ തുടർന്നുള്ള കനത്ത കാറ്റിലും മഴയിലും ഒമാനിൽ 11 പേരാണ് മരിച്ചത്. വിവിധയിടങ്ങളിൽ വൻ നാശനഷ്ടം റിപ്പോർട്ട് ചെയ്തിരുന്നു. തിങ്കളാഴ്ച രാവിലെയോടെയാണ് ചുഴലിക്കാറ്റ് ദുർബലമായതായി നാഷണൽ സെന്റർ ഓഫ് മെട്രോളജി (എൻ.സി.എം.) അറിയിച്ചത്. മണിക്കൂറിൽ 120 മുതൽ 150 കിലോമീറ്റർവരെ വേഗത്തിലായിരുന്നു ഷഹീൻ തീരത്തെത്തിയത്.

ഒട്ടേറെ പേരെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റി. വാഹനത്തിൽ കുടുങ്ങിക്കിടന്നവരെ സുരക്ഷാവിഭാഗം ഇടപെട്ട് രക്ഷപ്പെടുത്തി. പല റോഡുകളും അടച്ചിട്ടു. കാലാവസ്ഥ മെച്ചമാകുന്നതുവരെ യാത്രകൾ ഒഴിവാക്കണമെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചിരുന്നു. ദുരിതമേഖലകളിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തി. മുസന്ന, സുവൈക്ക്, ഖാബുറ, സഹം എന്നീ പട്ടണങ്ങളിൽ താമസിക്കുന്നവരുടെ വസ്തുവകകൾ പൂർണമായും വെള്ളപ്പൊക്കത്തിൽ നശിച്ചു. വീടുകൾ തകർന്നു, വാഹനങ്ങൾ വെള്ളത്തിനടിയിലായി. 143 ഇടങ്ങളിൽ സർക്കാർ താത്‌കാലിക ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കിയിരുന്നു. 500 സെന്റിമീറ്റർ വരെ മഴ ഷഹീനിന്റെ ഭാഗമായി ലഭിച്ചെന്നാണ് ഒമാൻ കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. ഇതാണ് മിന്നൽപ്രളയത്തിന് കാരണമായത്.