അബുദാബി : വ്യാജ ഫോൺകോളിലൂടെ അക്കൗണ്ട് വിവരങ്ങൾ സംഘടിപ്പിച്ച് തട്ടിപ്പുനടത്തുന്ന സംഘത്തിന്റെ ചതിയിൽ വീണുപോകരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്.

മൊബൈലിൽ ഇലക്‌ട്രോണിക് ലിങ്കുകൾ അയയ്ക്കുകയോ, നേരിട്ട് ഫോണിൽ വിളിക്കുകയോ ചെയ്താണ് ആളുകളെ സംഘം കബളിപ്പിക്കുന്നത്. ബാങ്ക് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനോ, എ.ടി.എം കാർഡ് ബ്ലോക്ക് ആകാതിരിക്കാനോ, പ്രത്യേക സമ്മാനം ലഭിച്ചതിനാലോ അക്കൗണ്ട് വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടാണ് സംഘം വിളിക്കാറുള്ളത്.

പെട്ടന്നുള്ള മാനസികാവസ്ഥയിൽ അക്കൗണ്ട് വിവരങ്ങൾ പങ്കുവെക്കുന്നവരുടെ പണം അപഹരിക്കുകയാണ് സംഘത്തിന്റെ രീതി. ഏതെങ്കിലും നമ്പറുകളിൽ നിന്നും രഹസ്യവിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് കോളുകളോ, എസ്.എം.എസുകളോ ലഭിച്ചാൽ ഉടൻ തന്നെ പോലീസ് സേവനകേന്ദ്രത്തിൽ 8002626 എന്ന നമ്പറിൽ വിളിക്കുകയോ, 2828 എന്ന നമ്പറിൽ എസ്.എം.എസ്. അയച്ചോ പരാതികൾ രജിസ്റ്റർ ചെയ്യണം.

ബാങ്കുകളിൽ നിന്ന് ആരുംതന്നെ ഉപഭോക്താക്കളെ വിളിച്ച് രഹസ്യ നമ്പറുകൾ ആവശ്യപ്പെടുകയില്ലെന്ന് ബാങ്കുകൾ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.