ദുബായ് : എക്സ്‌പോയിലെത്തുന്ന സന്ദർശകരുടെ ശ്രദ്ധയാകർഷിച്ച് അബുദാബി അബു മുറൈഖയിലുയരുന്ന ക്ഷേത്രമാതൃക. യു.എ.ഇ. യിലെ പ്രഥമ ശിലാക്ഷേത്രമെന്നതിലുപരി രാജ്യത്തിന്റെ സഹിഷ്ണുതയും സഹവർത്തിത്വവുമാണ് ഇതിലൂടെ ചർച്ചചെയ്യപ്പെടുന്നത്. ഇന്ത്യയിൽനിന്നും ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും എക്സ്‌പോയ്ക്കായി മാത്രം യു.എ.ഇയിലെത്തുന്നവർക്കും വേറിട്ട അനുഭവമാണ് നിർമാണം പുരോഗമിക്കുന്ന ക്ഷേത്രം സമ്മാനിക്കുന്നത്. ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിക്കുന്ന ഏഴു മിനാരങ്ങളും തടാകവും മാർബിൾ ശില്പങ്ങളുമെല്ലാം ഉൾക്കൊള്ളുന്ന ക്ഷേത്രം യു.എ.ഇയിലെ പ്രധാന സാംസ്കാരിക കേന്ദ്രമായിമാറുമെന്ന് സന്ദർശകർ അഭിപ്രായപ്പെടുന്നു.

എക്സ്‌പോയുടെ ഭാഗമായി എത്തിയ ഇന്ത്യയിൽ നിന്നുള്ള 35 പേരടങ്ങുന്ന സർക്കാർ പ്രതിനിധി സംഘം ക്ഷേത്ര മാതൃകയും നിർമാണം പുരോഗമിക്കുന്ന കേന്ദ്രവും സന്ദർശിച്ചു. എസ്.ജെ. ഹൈദർ ഐ.എ.എസിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഐ.എ.എസ്. ഉദ്യോഗസ്ഥരായ മംമ്ത വർമ, ഹരീത് ശുക്ല, രാഹുൽ ഗുപ്ത, നീലം റാണി ഐ.എസ്.എഫ്. എന്നിവർ ഉൾപ്പെടും. 'റിവേഴ്‌സ് ഓഫ് ഹാർമണി എക്സിബിറ്റ്' എന്നപേരിൽ ക്ഷേത്രനിർമാണ സൈറ്റിൽ നടക്കുന്ന പ്രദർശനത്തിലും സംഘം ഭാഗമായി. ക്ഷേത്രനിർമാണ പുരോഗതി, ചരിത്രം, പ്രത്യേകതകൾ എന്നിവ വിവരിക്കുന്നതാണ് പ്രദർശനം. മൂന്ന് വലിയ ഡിജിറ്റൽ സ്‌ക്രീനുകളിലാണ് പ്രദർശനം നടക്കുന്നത്. outreach@mandir.ae എന്ന വിലാസത്തിൽ മുൻകൂട്ടി ബുക്ക്ചെയ്ത് പൊതുജനങ്ങൾക്കും പ്രദർശനത്തിൽ പങ്കെടുക്കാം.