അബുദാബി : സ്കൂളുകളിൽ ബ്ലൂ സ്കൂൾ പദ്ധതി നടപ്പാക്കുമെന്ന് അബുദാബി ദേശീയ ദുരന്തനിവാരണ കമ്മിറ്റി അറിയിച്ചു. കോവിഡ് പ്രതിരോധനടപടികളിൽ ഇളവുവരുത്തി സാധാരണ രീതിയിലേക്ക് പ്രവർത്തനങ്ങളെ മടക്കിക്കൊണ്ടുവരുന്നത് ലക്ഷ്യമിട്ടാണ് ബ്ലൂ സ്കൂൾ പദ്ധതി നടപ്പാക്കുന്നത്.

ഈ അധ്യയനവർഷത്തിന്റെ രണ്ടാം ടേം മുതൽ നടപ്പാക്കുന്ന ‘ബ്ലൂ സ്കൂൾ’ സംരംഭം കുട്ടികൾ സ്വീകരിച്ച പ്രതിരോധ കുത്തിവെപ്പിനെ അടിസ്ഥാനമാക്കിയാകും നടപ്പാക്കുക. ഇതിന്റെ ഭാഗമായി അബുദാബിയിലെ സ്കൂളുകളെ നാല് വിഭാഗങ്ങളായി തരംതിരിക്കും. 50 ശതമാനത്തിൽ താഴെ വിദ്യാർഥികൾ വാക്സിനേഷൻ ഉള്ള സ്കൂളുകൾ ‘ഓറഞ്ച്’, 50 മുതൽ 60 ശതമാനം വരെ വിദ്യാർഥികൾക്ക് വാക്സിനേഷൻ നൽകിയ സ്കൂളുകൾക്ക് ‘മഞ്ഞ’, 65 മുതൽ 84 ശതമാനം വരെ വിദ്യാർഥികൾക്ക് വാക്സിനേഷൻ ഉള്ള സ്കൂളുകൾക്ക് ‘പച്ച’, 85 ശതമാനവും അതിനുമുകളിലും വിദ്യാർഥികൾക്ക് വാക്സിനേഷൻ നൽകിയ സ്കൂളുകൾക്ക് ‘നീല’ എന്നിങ്ങനെയാണ് തരംതിരിക്കുന്നത്.

ഉയർന്ന പ്രതിരോധ കുത്തിവെപ്പെടുത്ത സ്കൂളുകൾക്ക് സാമൂഹിക അകലം പാലിക്കൽ, മുഖാവരണം, ക്ലാസുകളിലും ബസുകളിലും അനുവദിക്കാവുന്ന കുട്ടികളുടെ എണ്ണം, പാഠ്യേതര പ്രവർത്തനങ്ങൾ, സ്കൂളുകളിലെ പരിപാടികൾ, ഫീൽഡ് യാത്രകൾ എന്നിവയിൽ കൂടുതൽ ഇളവുണ്ടാകും. കുട്ടികൾക്കായി പ്രത്യേക വാക്സിനേഷൻ സെന്റർ അബുദാബിയിലുണ്ട്. കൂടാതെ എമിറേറ്റിലുടനീളമുള്ള വിവിധ വാക്സിനേഷൻ കേന്ദ്രങ്ങളിൽ കുട്ടികൾക്ക് സൗജന്യ വാക്സിനുകൾ ലഭ്യമാണ്. 12 വയസ്സും അതിന് മുകളിലും പ്രായമുള്ള കുട്ടികൾക്കായി ഫൈസർ-ബയോഎൻടെക് വാക്സിൻ ലഭ്യമാണ്. കൂടാതെ മൂന്ന് മുതൽ 12 വരെയുള്ളവർക്ക് സിനോഫാമും നൽകുന്നുണ്ട്.