അബുദാബി : കടുപ്പത്തിൽ അടിച്ചുപതപ്പിച്ച പാൽ ചായയും ചൂടൻ കടിയുമൊരുക്കി യു.എ.ഇ.യിലെ ലുലു ഹൈപ്പർമാർക്കറ്റുകൾ ഭക്ഷണപ്രേമികളെ മാടിവിളിക്കുന്നു. ഒക്ടോബർ 13 വരെ ഇവിടെ നടക്കുന്ന ലോക ഭക്ഷ്യമേളയിൽ ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള ഭക്ഷണപാനീയങ്ങൾ രുചിച്ചുനോക്കാനുള്ള അവസരമുണ്ട്. പൊതുവിൽ മറ്റുഭക്ഷണശാലകളിൽ ലഭ്യമല്ലാത്ത പലയിടങ്ങളിൽനിന്നുള്ള തനത് രുചികൾ അന്നാട്ടുകാരായ പാചകവിദഗ്ധരുടെ കൈപ്പുണ്യത്തിൽ പരിചയപ്പെടുത്തുകയാണ് ലുലു.

മലയാളികൾക്ക് ഏറെ സുപരിചിതമായതും എന്നാൽ ഇപ്പോൾ കാണാൻ കഴിയാത്തതുമായ പഴയകാല തട്ടുകടകളുടെയും പലചരക്കുകടകളുടെയും മാതൃകയൊരുക്കിയാണ് അബുദാബി കാപിറ്റൽ മാളിലെ ലുലു ഹൈപ്പർമാർക്കറ്റ് ആളുകളെ ക്ഷണിക്കുന്നത്. ബ്ലാക്ക് ആൻഡ്‌ വൈറ്റ് സിനിമകളുടെ പോസ്റ്ററുകളും ചണച്ചാക്കിൽ ഭംഗിയായി ഒരുക്കിയ പലവ്യഞ്ജനങ്ങളും കഴുക്കോലിൽ തൂങ്ങിയാടുന്ന പലഹാരപ്പൊതികളും ചില്ലുഭരണികളിൽ മൂടിവെച്ച ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയും തേനുണ്ടയുമെല്ലാം കാണാനും രുചിക്കാനും ഒട്ടേറെപ്പേരാണ് ഇവിടെയെത്തുന്നത്.

എൺപതുകളിലെ തോന്നയ്ക്കൽ പഞ്ചായത്തിലേക്ക് സ്വാഗതമേകിക്കൊണ്ടുള്ള വലിയ കവാടമാണ് ഇവിടെയുള്ളത്. അതിലൂടെ അകത്തേക്ക് പ്രവേശിക്കുമ്പോൾ കാണുന്ന ആൽത്തറയും ആനവണ്ടിയുമെല്ലാം ഗതകാലസ്മരണയുണർത്തുന്നു. പരിപ്പുവടയും പഴംപൊരിയും സുഖിയനും ഉന്നക്കായയും തലശ്ശേരി ബിരിയാണിയും താറാവ് റോസ്റ്റും ചെമ്മീൻ മസാലയും പായസവുമെല്ലാം തട്ടുകടയിൽ ലഭ്യമാണ്. നാടൻ വേഷത്തിൽ ഭക്ഷണം തയ്യാറാക്കുന്നവരും ആളുകളുടെ ശ്രദ്ധയാകർഷിക്കുന്നു. കോവിഡിനുശേഷം സജീവമാകുന്ന വിപണിയുടെ പ്രതീക്ഷകളും ചലനങ്ങളും ഇവിടെ കാണാനാകും.