അബുദാബി : കോവിഡനന്തരം യു.എ.ഇ.യിലെ ജീവിതം സാധാരണ നിലയിലായെന്നും ദൈവത്തോട് നന്ദിപറയുന്നുവെന്നും അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.

കോവിഡ് ഒരുപാട് പാഠങ്ങൾ പഠിപ്പിച്ചുവെങ്കിലും ഇന്ന് ജീവിതം സാധാരണ നിലയിലായിരിക്കുന്നു. ആളുകൾ വീണ്ടും ജോലിയിൽ സജീവമാകുന്നതും വിദ്യാർഥികൾ സ്കൂളുകളിലേക്ക് മടങ്ങുന്നതും ആളുകൾ സ്വതന്ത്രമായ യാത്രകൾ ആരംഭിച്ചതും ജീവിതം സാധാരണ നിലയിലായതിന്റെ തെളിവുകളാണ്. ഖസ്ർ അൽ ബാഹർ മജ്‌ലിസിൽ നടന്ന ചടങ്ങിൽ അതിഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാളുകൾക്കുശേഷം അതിഥികളുമായി ഒന്നിച്ചിരിക്കാനും വിശേഷങ്ങൾ പങ്കുവെക്കാനും കഴിഞ്ഞതിന്റെ സന്തോഷവും അദ്ദേഹം മറച്ചുവെച്ചില്ല. കുടുംബാംഗങ്ങളെയും സഹോദരങ്ങളെയും ഒരുപാട് നാളുകൾക്ക് ശേഷം കാണാനായത് ഏറെ ആഹ്ലാദം പകരുന്നു. എല്ലാവർക്കും പൂർണ ആരോഗ്യവും സന്തോഷവും ആശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കോവിഡിൽ ജീവൻ നഷ്ടമായവർക്കുവേണ്ടി പ്രാർഥിക്കുന്നു. 2020 കഠിനവും പലതരം വെല്ലുവിളികൾ നിറഞ്ഞതുമായിരുന്നു. കോവിഡ് വെല്ലുവിളികളിൽനിന്ന്‌ മോചിതമായ രാജ്യങ്ങളുടെ മുൻനിരയിൽ യു.എ.ഇ. നിലകൊള്ളുന്നു. അതിനും ദൈവത്തോട് നന്ദിപറയുന്നു. ഒപ്പം ഇപ്പോഴും കോവിഡിനെതിരേ ശക്തമായി പൊരുതികൊണ്ടിരിക്കുന്ന രാജ്യങ്ങൾക്കുള്ള പിന്തുണയും ഉറപ്പാക്കുന്നു.

വാക്സിൻ ലഭ്യത, തുടർച്ചയായ പരിശോധനകൾ, നൂതന ചികിത്സാ സംവിധാനങ്ങളുടെ ലഭ്യത എന്നീ മൂന്ന് കാരണങ്ങളാണ് പ്രധാനമായും യു.എ.ഇയെ കോവിഡിൽനിന്ന് എളുപ്പത്തിൽ സുരക്ഷിതമാക്കാൻ സഹായിച്ചത്. പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 500-ൽ കുറഞ്ഞത് രാജ്യത്തിന്റെ ശ്രമങ്ങൾ വിജയകരമായി എന്നതിന്റെ തെളിവാണ്. ആരോഗ്യമേഖലയിലെ പ്രവർത്തകരുടെ ശ്രമങ്ങൾ ഏറെ വലുതാണ്.

പ്രതിസന്ധികാലം മറികടക്കാൻ സഹായിച്ചതിനെല്ലാം നന്ദിയറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അൽ ദഫ്‌റ മേഖല ഭരണപ്രതിനിധി ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ, അൽഐൻ മേഖല ഭരണപ്രതിനിധി ശൈഖ് തനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ, അബുദാബി എക്സിക്യുട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ഹസ്സ ബിൻ സായിദ് അൽ നഹ്യാൻ, സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ചാരിറ്റബിൾ ഫൗണ്ടേഷൻ ബോർഡ് ചെയർമാൻ ശൈഖ് നഹ്യാൻ ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ മജ്‌ലിസിൽ പങ്കെടുത്തു.