ദുബായ് : യു.എ.ഇ.യിലെ പൗരത്വം, താമസ വിസ തുടങ്ങിയ നിർണായകമായ കാര്യങ്ങളിൽ തീരുമാനമെടുത്തു നടപ്പാക്കുന്ന ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ് അതോറിറ്റി പുനഃസംഘടിപ്പിച്ചു. രാജ്യത്തിന്റെ കസ്റ്റംസ്, തുറമുഖ സുരക്ഷിതത്വ അതോറിറ്റികൾകൂടി ഒന്നിച്ചുചേർത്താണ് പുനഃസംഘടിപ്പിച്ചിരിക്കുന്നത്.

യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ഉത്തരവ് പ്രകാരമാണ് രാജ്യത്തെ മൂന്നു പ്രധാന സ്ഥാപനങ്ങളുടെ ഏകീകരണം. ദി ഫെഡറൽ കസ്റ്റംസ് അതോറിറ്റി, ജനറൽ അതോറിറ്റി ഓഫ് പോർട്‌സ്, ബോർഡേഴ്‌സ് ആൻഡ് ഫ്രീസോൺസ് സെക്യൂരിറ്റി എന്നിവയെ ലയിപ്പിച്ചാണ് പുതിയ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ് അതോറിറ്റി രൂപവത്‌കരിച്ചിരിക്കുന്നത്.

പൗരത്വം, പാസ്പോർട്ട്, രാജ്യത്തേക്കുള്ള പ്രവേശനം, താമസരേഖ, തുറമുഖ വികസനം, അതിർത്തികൾ, ഫ്രീ സോൺ മേഖലകളുടെ സുരക്ഷിതത്വം തുടങ്ങിയ ഉത്തരവാദിത്വങ്ങളാണ് പുതിയ അതോറിറ്റിക്ക് കീഴിൽ വരിക. ഈ മേഖലകളിൽ നയരൂപവത്‌കരണം നടത്തുന്നതും തന്ത്രങ്ങളും, നിയമങ്ങളും നിർമിച്ച് നടപ്പാക്കുന്നതും പുതിയ അതോറിറ്റിയാകും. ഫ്രീ സോൺ ലൈസൻസ്, നികുതി നിരക്കുകളുടെ ഏകീകരണം തുടങ്ങിയ ചുമതലകളും നൽകിയിട്ടുണ്ട്.