ഷാർജ : തൊഴിൽ വാഗ്ദാനംചെയ്ത് നാട്ടിൽനിന്ന്‌ ആളുകളെ കൊണ്ടുവന്ന് സാമ്പത്തിക തട്ടിപ്പ് നടത്തുകയാണെന്ന് കണ്ണൂർ പഴയങ്ങാടി സ്വദേശിക്കെതിരേ പരാതി. ഇതുസംബന്ധിച്ച് വയനാട് സ്വദേശിയായ യുവതിയും കൊട്ടാരക്കര സ്വദേശിയായ യുവാവും ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ചൊവ്വാഴ്ച പരാതി നൽകി. യുവതിയിൽനിന്ന്‌ ഒന്നര ലക്ഷം രൂപയും കൊട്ടാരക്കര സ്വദേശിയിൽ നിന്നും ഒരുലക്ഷം രൂപയുമാണ് ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് നടത്തിയ ആളുടെ സഹോദരന്റെ നാട്ടിലെ ബാങ്ക് അക്കൗണ്ടിൽ ഒരു ലക്ഷം രൂപ നിക്ഷേപിക്കുകയും 50,000 രൂപ അജ്മാനിൽ നേരിട്ട് കൈമാറുകയുമായിരുന്നുവെന്ന് എം.ബി.എ. ബിരുദധാരിണിയായ വയനാട്ടുകാരിയുടെ ഭർത്താവ് പറഞ്ഞു. സന്ദർശക വിസയിൽ തട്ടിപ്പിനിരയായവരെ അജ്മാനിൽ കൊണ്ടുവന്നതിനുശേഷം സ്വയം ജോലിനോക്കാനാണ് കണ്ണൂർ സ്വദേശി നിർദേശിച്ചതെന്ന് തട്ടിപ്പിനിരയായവർ പറയുന്നു.

പഴയങ്ങാടി അടുത്തില സ്വദേശിയായ മറ്റൊരു യുവാവിനെക്കൂടി അജ്മാനിൽ സന്ദർശക വിസയിൽ ഈയാൾ എത്തിച്ചിട്ടുണ്ട്. അബുദാബിയിൽ ജോലി ശരിയാക്കി തരാമെന്ന വാഗ്ദാനത്തിലാണ് യുവാവിനെ കൊണ്ടുവന്നത്. കണ്ണൂർ സ്വദേശിയുടെ പേരിലുള്ള റിക്രൂട്ട്‌മെന്റ് കമ്പനിയുടെ പേരിൽ വിസിറ്റ് കാർഡും തട്ടിപ്പിനിരയാവർക്ക് കൈമാറിയിട്ടുണ്ട്.

പ്രായാധിക്യവും രോഗവും സാമ്പത്തിക ബാധ്യതയും കാരണം വർഷങ്ങളോളം നാട്ടിൽപോകാൻ സാധിക്കാതെ ദുബായിൽ ദുരിതത്തിലായ പയ്യന്നൂർ സ്വദേശിയും ‘തന്റെ സമ്പാദ്യം മുഴുവൻ തട്ടിയെടുത്തെന്ന്’ ഇപ്പോൾ ആരോപണ വിധേയനായ ആളുടെപേരിൽ മുമ്പും ആരോപണം ഉന്നയിച്ചിരുന്നു. പിന്നീട് സാമൂഹിക പ്രവർത്തകരുടെ സഹായത്തിലാണ് അദ്ദേഹത്തെ നാട്ടിലേക്കയച്ചത്. ഇത്തരത്തിൽ വ്യാജ റിക്രൂട്ട്‌മെന്റ് കമ്പനികളുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തുന്നത് പതിവായിട്ടുണ്ടെന്നും നാട്ടിൽനിന്ന് കൃത്യമായി വിവരം അന്വേഷിച്ചറിഞ്ഞശേഷമേ പണം കൈമാറി യു.എ.ഇ.യിലേക്ക് വരാവൂവെന്നും ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി. ജോൺസൺ പറഞ്ഞു.