ദുബായ് : അഞ്ച് മണിക്കൂർ കൊണ്ട് അരലക്ഷം ഭക്ഷണപ്പൊതികൾ വിതരണംചെയ്ത് ശ്രദ്ധയാകർഷിച്ച് ദുബായ്. ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ്‌ ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്‌മെന്റിന്റെ (ഐ.എ.ഐ.എ.ഡി.) സഹകരണത്തോടെ നെഫ്‌സി ഫുഡ് ആപ്പാണ് പദ്ധതി നടപ്പാക്കിയത്.

ജെബൽ അലിയിലെ ലേബർ ക്യാമ്പിൽ 200 സന്നദ്ധ പ്രവർത്തകരുടെ സഹകരണത്തോടെ 54,000 പൊതികൾ വിതരണംചെയ്തു. മേയ് അഞ്ചിന് വൈകീട്ട് അഞ്ച് മണി മുതലായിരുന്നു വിതരണം. 20 ഭക്ഷണശാലകളിൽനിന്നുമാണ് ഭക്ഷണമെത്തിയത്. 49 ക്യാമ്പുകളിലെ തൊഴിലാളികൾക്ക് ഇവ ലഭ്യമാക്കി. ഓൾ കേരള കോളേജ് അലംനി ഫോറത്തിന്റെ 54 അംഗങ്ങളും ഭക്ഷണവിതരണത്തിൽ സജീവമായി.

ഗിന്നസ് റെക്കോഡ് ലക്ഷ്യത്തോടെ നടന്ന പദ്ധതിയുടെ വിശദാംശ പരിശോധനയ്ക്കുശേഷം പ്രഖ്യാപനവുമുണ്ടാവും. റംസാൻ ആശയങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് ഇതിലൂടെയെന്ന് നെഫ്‌സി സ്ഥാപകൻ ഖാലിദ് ദിയാബ് പറഞ്ഞു.