ദുബായ് : ഗൾഫ് പ്രവാസത്തിന്റെ വേറിട്ട ചിത്രീകരണത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ മലയാളസിനിമ ‘സമീർ’ വെള്ളിയാഴ്ചമുതൽ ‘നീ സ്ട്രീം’ ഒ.ടി.ടി. യിലെത്തുന്നു. നീ സ്ട്രീം മൊബൈൽ ആപ്ലിക്കേഷൻവഴി സ്മാർട്ട് ഫോണിലോ ആൻഡ്രോയ്ഡ് ടി.വി.യിലോ കുറഞ്ഞനിരക്കിൽ ചിത്രം ലോകത്തെവിടെയും കാണാനാവുമെന്ന് അണിയറപ്രവർത്തകർ പറഞ്ഞു.

കഴിഞ്ഞ ദേശീയ ചലച്ചിത്ര അവാർഡ് പട്ടികയുടെ ഫൈനൽ റൗണ്ടിൽ എത്തുകയും മൂന്നുവിഭാഗങ്ങളിൽ അന്തിമഘട്ടംവരെ മത്സരിക്കുകയും ചെയ്ത ഈ ചിത്രത്തിന്റെ രചനയും സംവിധാനവും റഷീദ് പാറക്കൽ എന്ന മുൻ പ്രവാസിയാണ്.

തൊണ്ണൂറുകളുടെ അവസാനപാദത്തിൽ കേരളത്തിലെ ഒരു ഗ്രാമത്തിൽനിന്നും തൊഴിൽതേടി അൽഐനിലെ ഒരു തക്കാളിത്തോട്ടത്തിൽ എത്തിയ ഒരു ചെറുപ്പക്കാരന്റെ കഥയാണ് സമീർ. ‘ഒരു തക്കാളിക്കൃഷിക്കാരന്റെ സ്വപ്നങ്ങൾ’ എന്ന നോവലിൽനിന്നാണ് തിരക്കഥ രൂപപ്പെടുത്തിയത്. സൈ്വഹാനിലെ കൃഷിത്തോട്ടങ്ങളിലും മരുഭൂമികളിലും ഫുജൈറ, അൽഐൻ എന്നിവിടങ്ങളിലുമായി ഏതാനും ആഴ്ചകൾകൊണ്ടാണ് സംഘം ചിത്രമൊരുക്കിയത്.

മാമുക്കോയ, ഇർഷാദ്, വിനോദ് കോവൂർ, അനഘ സജീവ്, മഞ്ജു പത്രോസ്, നീനാ കുറുപ്പ്, ഫിദാ, അഷ്‌റഫ് കിരാലൂർ, കെ.കെ. മൊയ്തീൻകോയ, ബഷീർ സിൽസില തുടങ്ങിയ വൻനിരയുള്ള ചിത്രത്തിന്റെ ഛായാഗ്രഹണം രൂപേഷ് തിക്കോടിയാണ്. ബിയോണ്ട് ദി റീൽസ് പ്രൊഡക്ഷൻസും പ്രവാസി കൂട്ടായ്മയായ ദുബായ് മാസ് പ്രൊഡക്ഷൻസും ചേർന്നാണ് ഈ ചിത്രം നിർമിച്ചത്.