ഖോർഫക്കാൻ : പതിനാറാം നൂറ്റാണ്ടിൽ ഖോർഫക്കാൻ ജനത പോർച്ചുഗീസ് ആക്രമണത്തെ തടഞ്ഞതിന്റെ പ്രതീകമായി നിർമിച്ച പ്രതിരോധസ്മാരകം പൊതുജനങ്ങൾക്ക് സൗജന്യമായി സന്ദർശിക്കാമെന്ന് ഷാർജ മ്യൂസിയം അതോറിറ്റി. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരമാണ് പ്രത്യേക സ്മാരകം നിർമിച്ചത്.

ഷാർജ മ്യൂസിയം അതോറിറ്റിയുടെ കീഴിൽ 393 മീറ്റർ ഉയരത്തിലാണ് സ്മാരകം. നഗരചരിത്രം ഉയർത്തിക്കാട്ടാനും അധിനിവേശകാലത്ത് ജീവൻ ബലിയർപ്പിച്ചവരെ സ്മരിക്കാനുമാണ് സ്മാരകം. പൂർണമായും ഗ്ലാസിലാണ് നിർമാണം. സ്മാരക കെട്ടിടത്തിൽ വിശ്രമസ്ഥലവും 898 മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന വിശാലമായ ലോബിയുമുണ്ട്. ഹെൽമെറ്റ് ആകൃതിയിലാണ് കെട്ടിടത്തിന്റെ രൂപകൽപന. ചരിത്രപരമായ പോസ്റ്ററുകൾ, ഒട്ടേറെ അമൂല്യശേഖരങ്ങൾ എന്നിവയും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. എല്ലാദിവസവും രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണ് സന്ദർശനസമയം. വെള്ളിയാഴ്ച വൈകീട്ട് നാലുമുതൽ രാത്രി എട്ടുവരെയും സന്ദർശിക്കാം.