ഷാർജ : താരാട്ട് ഈണത്തോടെ അമ്മയും മകളും തമ്മിലുള്ള ആത്മബന്ധവും അമ്മയെക്കുറിച്ചുള്ള ഓർമയും പങ്കുവെക്കുകയാണ് ‘ഏകതാരകം’ എന്ന സംഗീത ആൽബം. തിങ്കളാഴ്ച ലോക വനിതാദിനത്തിലാണ് സ്നേഹവും നന്മയും തുളുമ്പുന്ന വ്യത്യസ്ത ആൽബം പുറത്തിറക്കുന്നത്. നർത്തകിയും അഭിനേത്രിയുമായ ഷാർജയിലെ കൊച്ചി കാക്കനാട് സ്വദേശിനി സുനിത നോയൽ ഇരട്ടവേഷത്തിൽ അഭിനയിക്കുന്ന ആൽബമാണ് ‘ഏകതാരകം’. സംവൃത സുനിൽ, ശ്രീഗംഗ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സംഗീതജ്ഞ ഡോ.കെ. ഓമനക്കുട്ടി, എഴുത്തുകാരി സാറാജോസഫ്, അഭിനേത്രിമാരായ നിഷ സാരംഗ്, സോണിയ മൽഹാർ, ജീജ സുരേന്ദ്രൻ, ഗായികമാരായ മധുശ്രീ, മധുമതി, നാരായൺ, അവതാരക ഡോണ എന്നിവർ ചേർന്നാണ് ഓൺലൈനിലൂടെ ആൽബം പുറത്തിറക്കുന്നത്. സജി കെ. നായർ (നിർമാണം), സജീന്ദ്രൻ പുത്തൂർ (രചന), ജയശ്രീ നായർ (ഗാനരചന), ചിൽ പ്രകാശ് (സംഗീതം), ദേവിക സന്തോഷ് (ആലാപനം), ഷിജു പാലേരി (ക്യാമറ), വിഥുൻ വടകര (ചിത്രസംയോജനം) എന്നിവരാണ് ആൽബത്തിന്റെ അണിയറപ്രവർത്തകർ.