റിയാദ് : സൗദി അറേബ്യയിൽ ഏർപ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങളിൽ ഞായറാഴ്ച മുതൽ ഭാഗിക ഇളവ് അനുവദിക്കും. റെസ്റ്റോറന്റുകൾ, കഫേകൾ, എന്നിവിടങ്ങളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. നിയന്ത്രണങ്ങളുടെ ഭാഗമായി ഇതുവരെ പാഴ്‌സൽ സംവിധാനമാണ് നിലവിലുണ്ടായിരുന്നത്.

വെള്ളിയാഴ്ച രാത്രി ചേർന്ന സൗദി മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. സിനിമാ തിയേറ്ററുകൾ, റെസ്റ്റോറന്റുകൾ, ഷോപ്പിങ് മാളുകൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന വിനോദ, കായിക കേന്ദ്രങ്ങൾ, ജിമ്മുകൾ എന്നിവയ്ക്കും തുറന്നുപ്രവർത്തിക്കാം. വിവാഹങ്ങൾ, പാർട്ടികൾ അടക്കമുള്ള മറ്റ് സാമൂഹികപരിപാടികൾക്ക് 20 പേരിൽ കൂടുതൽ പാടില്ലെന്നാണ് നിർദേശം. ഒരറിയിപ്പുണ്ടാകുന്നതുവരെ പൊതുപരിപാടികൾക്കെല്ലാം വിലക്ക് തുടരും.

ഹോട്ടലുകൾ, കഫേകൾ എന്നിവിടങ്ങളിൽ ആദ്യം 10 ദിവസത്തേക്കായിരുന്നു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. പിന്നീടത് 20 ദിവസത്തേക്കുകൂടി നീട്ടുകയായിരുന്നു. ഈ നിയന്ത്രണമാണ് ഇപ്പോൾ പിൻവലിക്കുന്നത്. അതേസമയം, സൗദിയിലേക്ക് വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്നും ഏർപ്പെടുത്തിയിരിക്കുന്ന യാത്രാവിലക്കിനെ സംബന്ധിച്ച് പുതിയ അറിയിപ്പുകളില്ല. ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നാണ് നിർദേശം. നിയമലംഘകർക്കെതിരേ കടുത്ത പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു.