ദുബായ് : കോവിഡ് പ്രതിരോധ കുത്തിവെപ്പ് രണ്ട് ഡോസും സ്വീകരിച്ച യു.എ.ഇ. നിവാസികൾക്ക് 19 രാജ്യങ്ങളിൽകൂടി ക്വാറന്റീൻ വേണ്ടാ. എമിറേറ്റ്‌സ് എയർലൈനാണ് ഇക്കാര്യമറിയിച്ചത്. സ്‌പെയിൻ ആണ് യു.എ.ഇ.യിൽനിന്ന് പറക്കാനുള്ള പുതിയ ടൂറിസ്റ്റ് ലക്ഷ്യസ്ഥാനം. യാത്രാതീയതിക്ക് 14 ദിവസം മുമ്പെങ്കിലും വാക്സിനെടുത്തവർക്ക് സ്‌പെയിനിൽ പ്രവേശിക്കാനാവും. ഇതോടെ വാക്സിനെടുത്തവർക്ക് പറക്കാനുള്ള ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം 30 ആയി.

ജൂലായ് മുതൽ എമിറേറ്റ്‌സ് എയർലൈൻ ദുബായിൽനിന്ന് യൂറോപ്പ്, യു.എസ്, മിഡിൽഈസ്റ്റ്, ആഫ്രിക്ക തുടങ്ങിയിടങ്ങളിലേക്ക് സർവീസ് നടത്തും. 280-ലേറെ പ്രതിവാര വിമാനസർവീസുകളുണ്ടാകും. യാത്രക്കാർ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. കൂടാതെ, ഫൈസർ ബയെഎൻടെക്, സിനോഫാം, ആസ്ട്രസെനെക്ക തുടങ്ങി യൂറോപ്യൻ മെഡിസിൻസ് ഏജൻസി അംഗീകരിച്ചതോ, ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതോ ആയ വാക്സിനായിരിക്കണം സ്വീകരിച്ചിരിക്കേണ്ടത്.