അബുദാബി : സംരക്ഷിത മേഖലയിൽ പരിപാലിച്ചുവന്നിരുന്ന അറേബ്യൻ ഒറിക്‌സുകളുടെ എണ്ണത്തിൽ 22 ശതമാനം വർധന രേഖപ്പെടുത്തിയതായി പരിസ്ഥിതി ഏജൻസി അറിയിച്ചു. സ്വാഭാവിക വാസസ്ഥലമൊരുക്കി ഇവയുടെ വംശവർധന ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടത്തിവന്നിരുന്നത്. 2007-ൽ പുതിയ വാസസ്ഥലത്തേക്ക് മാറ്റുമ്പോൾ 160 ഒറിക്‌സുകളാണ് ഉണ്ടായിരുന്നത്. എന്നാൽ, ഇപ്പോഴവയുടെ എണ്ണം 946 ആയി. പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായാണ് ഈ വേറിട്ട ശ്രമത്തിന്റെ വിജയം ഏജൻസി പങ്കുവെച്ചത്.

ശൈഖ് മുഹമ്മദ് ബിൻ സായിദ് അറേബ്യൻ ഒറിക്‌സ് റീഇൻട്രൊഡക്ഷൻ പദ്ധതിയുടെ ഭാഗമായാണ് ഇതെന്ന് ഏജൻസി സെക്രട്ടറി ജനറൽ ഡോ. ശൈഖ സലിം അൽ ദാഹേരി പറഞ്ഞു. അറേബ്യൻ ഓറിക്സ് യു.എ.ഇ.യുടെ ചരിത്രത്തിന്റെയും സംസ്‌കൃതിയുടെയും ഭാഗമാണ്. മരുഭൂമിയിൽ കാണപ്പെടുന്ന നീണ്ട കൊമ്പോടുകൂടിയ മാൻ വർഗത്തിൽപ്പെട്ട ഈ ജീവിയുടെ പരിപാലനം ശ്രമകരമായിരുന്നു. ഘട്ടംഘട്ടമായ ശാസ്ത്രീയ നീക്കങ്ങളിലൂടെയാണ് ഇപ്പോൾ ഏജൻസി ലക്ഷ്യം കൈവരിച്ചിരിക്കുന്നതെന്നും ഡോക്ടർ പറഞ്ഞു.