അബുദാബി : കുട്ടികളെ വാഹനത്തിൽ തനിച്ചാക്കിയാൽ 10 വർഷം വരെ തടവും 10 ലക്ഷം ദിർഹം പിഴയും ശിക്ഷ. ചൂടുകാലത്ത് കുട്ടികളെ വാഹനത്തിൽ തനിച്ചാക്കുന്നത് ഗുരുതര അപകടങ്ങൾക്ക് വഴിവെക്കുമെന്നതിനാലാണ് ശിക്ഷ കർശനമാക്കുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി സ്ഥാപിതമായ ‘വദീമാസ് നിയമം’ പ്രകാരം മാനസികവും ശാരീരികവും സാമൂഹികവുമായ സുരക്ഷയുറപ്പാക്കുന്നതിൽ കർശന നടപടികളാണ് കൈക്കൊള്ളുന്നത്. അന്തരീക്ഷ ഊഷ്മാവ് ഉയർന്ന സാഹചര്യത്തിൽ കുട്ടികളെ വാഹനത്തിലാക്കി പോയാൽ 10 മിനിറ്റുകൊണ്ട് മരണംവരെ സംഭവിക്കാം.

അടച്ചിട്ട വാഹനത്തിനുള്ളിലെ ഊഷ്മാവ് വളരെപ്പെട്ടെന്നുതന്നെ 60 ഡിഗ്രിയിലേക്ക് ഉയരും.

ചെറിയ അശ്രദ്ധകൊണ്ട് ഇത്തരം അപകടങ്ങളുണ്ടാവും. മുൻവർഷങ്ങളിലുണ്ടായ അപകടങ്ങളുടെകൂടി പശ്ചാത്തലത്തിലാണ് നടപടികൾ കർശനമാക്കുന്നത്.

ജാമ്യത്തിലിറങ്ങി മുങ്ങിയാൽ അഞ്ച് വർഷംവരെ തടവ്

ദുബായ് : ജാമ്യത്തിലിറങ്ങി മുങ്ങുന്ന പ്രതികൾക്ക് രണ്ട് മുതൽ അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് യു.എ.ഇ. പബ്ലിക് പ്രോസിക്യൂഷൻ.

കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ചായിരിക്കും തടവ് കാലാവധി തീരുമാനിക്കപ്പെടുന്നത്. വിവിധ കേസിൽ അറസ്റ്റിലാവുകയും കോടതി ശിക്ഷ വിധിക്കുകയും ചെയ്ത കേസിലെ പ്രതികളിൽ ജാമ്യത്തിൽ ഇറങ്ങിയോ അല്ലാതെയോ രക്ഷപ്പെടാൻ ശ്രമിക്കുന്നവർക്കെതിരെയാണ് നടപടി.

നിലവിലെ കേസിന്റെ ശിക്ഷയ്ക്കു പുറമെയാണ് അഞ്ച് വർഷംവരെ തടവ് നൽകുന്നത്. ശിക്ഷ വിധിച്ചതറിഞ്ഞ ഉടൻ രാജ്യം വിടാൻ ശ്രമിച്ചാലും നടപടിയുണ്ടാകുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.