ദുബായ് : അൽ ഖൂസ് വ്യവസായമേഖല നാലിൽ വൻ അഗ്നിബാധയുണ്ടായി.

രാസപദാർഥങ്ങൾ സൂക്ഷിക്കുന്ന വെയർഹൗസിനാണ് തീപിടിച്ചത്. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.

ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം അടുത്തടുത്ത് സ്ഥിതിചെയ്തിരുന്ന മലയാളിയുടെ ഉൾപ്പെടെ എട്ട് വെയർഹൗസുകൾ കത്തിനശിച്ചു. വലിയതോതിൽ നാശനഷ്ടമുണ്ടായി എന്നാണ് വിവരം.

രാസവസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നയിടത്ത് തീപിടിക്കുകയും പിന്നീട് ആളിപ്പടരുകയുമായിരുന്നു. സമീപത്തുനിർത്തിയിട്ടിരുന്ന വാഹനങ്ങളും കത്തിനശിച്ചു.

സംഭവമറിഞ്ഞയുടൻ തന്നെ അൽ ഖൂസ് ഫയർ സ്റ്റേഷൻ, അൽ ബർഷ, ഇമിറാത്തിസ് മാർട്ടിയേഴ്‌സ് സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ തീയണയ്ക്കാൻ സ്ഥലത്തെത്തിയതായി സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു. ഉച്ചയ്ക്ക് 12.45-നാണ് തീ നിയന്ത്രണ വിധേയമാക്കാനായത്.