ദുബായ് : പരമ്പരാഗത അബ്രകൾ (കടത്തുവഞ്ചി) ജൂലായ് മുതൽ ജൈവ ഇന്ധനത്തിൽ (ബയോ ഡീസൽ) കുതിക്കും. ദുബായ് ക്രീക്കിൽ പ്രവർത്തിക്കുന്ന അബ്രകളിലേക്ക് ബയോ ഡീസൽ വിതരണം ചെയ്യുന്നതിനായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) സബ്ക മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷനിൽ പ്രത്യേക സ്റ്റേഷൻ സ്ഥാപിച്ചു. 2020-ൽ വിജയകരമായി നടത്തിയ പരീക്ഷണ ഓട്ടത്തെത്തുടർന്നാണ് തീരുമാനം. അഞ്ച് അബ്രകളിലായിരുന്നു പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കിയിരുന്നത്. നിലവാരമുള്ള ബയോഡീസൽ 5 ആണ് ഉപയോഗിച്ചിരുന്നത്. എമിറേറ്റ് നാഷണൽ ഓയിൽ കമ്പനിയുമായി (ഇനോക്) സഹകരിച്ചാണ് പദ്ധതി.

യു.എ.ഇ. ഹരിത വളർച്ചാതന്ത്രം നടപ്പാക്കുന്നതിൽ പ്രധാന പങ്കുവഹിക്കാനുള്ള ആർ.ടി.എ.യുടെ പ്രതിജ്ഞാബദ്ധതയിൽ നിന്നാണ് ഈ സംരംഭം. ദുബായ് ക്രീക്കിൽ 148 പരമ്പരാഗത അബ്രകളാണ് സർവീസ് നടത്തുന്നത്. ബയോ ഡീസൽ ഇന്ധനമാക്കുന്നതോടെ വർഷം 125 ടൺ കാർബൺ മലിനീകരണം ഒഴിവാക്കാനാവും.

ഉപയോഗിച്ചശേഷമുള്ള എണ്ണ, ഉപയോഗ ശൂന്യമായ ഗ്രീസ്, കൊഴുപ്പ് എന്നിവയിൽനിന്നാണ് ബയോഡീസൽ ഉണ്ടാക്കുന്നത്. പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നതാണ് പ്രത്യേകത. ദുബായിൽ പ്രതിവർഷം 1.3 കോടി യാത്രക്കാർ അബ്രകളെ ആശ്രയിക്കുന്നുവെന്നാണ് കണക്ക്.