അബുദാബി : കോവിഡ് വെല്ലുവിളികളെ നേരിടാൻ അബുദാബിയിലെ ക്ഷേത്രനിർമാണ ചുമതലയുള്ള പ്രസ്ഥാനം ബാപ്‌സ് 2000 സിലിൻഡർ ഓക്സിജൻ ഇന്ത്യയിലേക്കയച്ചു.

ബാപ്‌സ് ഹിന്ദുമന്ദിർ നടത്തിയ വെബിനാറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓക്സിജൻ സിലിൻഡറുൾക്ക് പുറമേ 132 മെട്രിക് ടൺ ദ്രാവക ഓക്സിജൻ, 1000 ഓക്സിജൻ കോൺസൻട്രേറ്ററുകൾ എന്നിവയും ലഭ്യമാക്കി.

ഇന്ത്യയിൽ 235 ആരോഗ്യ കേന്ദ്രങ്ങളിലൂടെയാണ് ഇവ രോഗികൾക്ക് ലഭ്യമാക്കുന്നത്. ഏപ്രിൽ അവസാനവാരം മുതലാണ് ബാപ്‌സ് ഇന്ത്യയിലേക്ക് സഹായം നൽകിത്തുടങ്ങുന്നത്.

യു.എ.ഇയിലെയും ഇന്ത്യയിലെയും ബാപ്‌സ് സന്നദ്ധ പ്രവർത്തകർ തന്നെയാണ് മെഡിക്കൽ സംവിധാനങ്ങളുടെ കൃത്യതയോടെയുള്ള ഇടപാടുകൾക്ക് നേതൃത്വം നൽകുന്നത്. സൗജന്യ ഭക്ഷണവും ആരോഗ്യ സേവനങ്ങളുമടക്കമുള്ള സഹായ കേന്ദ്രങ്ങളും ബാപ്‌സ് സ്വാമിനാരായൺ സൻസ്ത ഇന്ത്യയിൽ നടത്തുന്നുണ്ട്.

ക്ഷേത്രത്തിനുള്ള ശില്പങ്ങൾ, ശിലാപാളികൾ അബുദാബിയിലെത്തി

: അബുദബിയിൽ നിർമിക്കുന്ന ഹിന്ദു ക്ഷേത്രത്തിനുള്ള ശിലാപാളികളും ശില്പങ്ങളും ഇന്ത്യയിൽനിന്ന്‌ യു.എ.ഇയിൽ എത്തിച്ചു.

മരത്തിലും ചെങ്കല്ലിലും തീർത്ത ശില്പങ്ങളുടെ ആദ്യ ബാച്ചാണ് അബുദബിയിൽ എത്തിച്ചിരിക്കുന്നത്. 2023-ൽ ക്ഷേത്രനിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ശിലാപാളികളുടെയും കൊത്തുപണികളുടെയും ജോലികൾ ഇന്ത്യയിൽ പുരോഗമിക്കുകയായിരുന്നു. ഇന്ത്യയിൽ 2000-ത്തിലേറെ കലാകാരന്മാരാണ് ഇതിലെ കൽപ്പണികൾ ചെയ്തത്. ഇവയാണ് ഇപ്പോൾ അബുദാബിയിൽ എത്തിച്ചിരിക്കുന്നത്.

ഏഴ് എമിറേറ്റുകളെ സൂചിപ്പിക്കുന്ന ഏഴ് ഗോപുരങ്ങൾ ക്ഷേത്രത്തിന് ഉണ്ടായിരിക്കും. അടിത്തറ പൂർത്തിയാക്കി ക്ഷേത്രഘടനാ നിർമാണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇരുരാജ്യങ്ങളെ സംബന്ധിച്ചും ഇത് അഭിമാനത്തിന്റെ നിമിഷമാണെന്ന് യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ പറഞ്ഞു.

ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധത്തിൽ പുതിയ നാഴികകല്ലാണ് ക്ഷേത്രനിർമാണമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമാൻ പൂരി വ്യക്തമാക്കി.

സ്വാമി നാരായൺ സൻസ്ഥയാണ് ക്ഷേതത്തിർമാണത്തിനു മേൽനോട്ടം വഹിക്കുന്നത്.