ദുബായ് : അച്ഛനും നാല് മക്കളുമടങ്ങുന്ന ഡോക്ടർ കുടുംബത്തിന് യു.എ.ഇ. 10 വർഷത്തെ ഗോൾഡൻ വിസ നൽകി. കർണാടക ഭട്കൽ സ്വദേശി ഡോ.ഇസ്മായിൽ കാസിയക്കും കുടുംബത്തിനുമാണ് ഗോൾഡൻ വിസ ലഭിച്ചത്. വൈദ്യശാസ്ത്രരംഗത്തെ അദ്ദേഹത്തിന്റെ സേവനത്തെ മുൻനിർത്തിയാണിത്.

മൂത്ത മകൻ ഡോ. മുഹമ്മദ് ദാവൂദ് കാസിയ ഗ്യാസ്‌ട്രോഎൻട്രോളജിയിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. രണ്ടാമത്തെ മകൻ ഡോ. മുഹമ്മദ് നൂഹ് കാസിയ കരാമയിലെ സ്വന്തം പോളിക്ലിനിക്കിൽ സേവനം ചെയ്യുന്നു. മൂന്നാമത്തെയാൾ ഡോ. ഷീശ് കാസിയ ഇപ്പോൾ കർണാടകയിലെ മംഗളൂരു കനച്ചൂർ മെഡിക്കൽ കോളേജിലാണ് സേവനം ചെയ്യുന്നത്. ഏറ്റവും ഇളയ മകൻ ഡോ. മുഹമ്മദ് യുഷ കാസിയ അടുത്തിടെ എം.ബി.ബി.എസ്. പഠനം പൂർത്തിയാക്കി. ദുബായ് റാഷിദ് ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോ.അനസ് മൊഹ്‌തേഷാം ഏക മരുമകനാണ്.

1982- ലാണ് ഡോ. ഇസ്മായിൽ ദുബായിലെത്തുന്നത്. അക്കാലത്ത് ഏതാനും ആശുപത്രികളും ക്ലിനിക്കുകളും മാത്രമാണ് ഉണ്ടായിരുന്നതെന്ന് ഇദ്ദേഹം ഓർക്കുന്നു. കരാമയിലായിരുന്നു താമസം. മികച്ച പല വാഗ്ദാനങ്ങൾ ലഭിച്ചിട്ടും കരാമയിൽ ഒരു ക്ലിനിക്ക്‌ തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു.