അബുദാബി : കോവിഡ് വാക്സിൻ നൽകുന്ന ലോക രാജ്യങ്ങളുടെ പട്ടികയിൽ യു.എ.ഇ.യും ഇസ്രയേലും മുൻ നിരയിലെന്ന് ഓക്‌സ്‌ഫഡ് സർവകലാശാല പുറത്തിറക്കിയ ‘അവർ വേൾഡ് ഇൻ ഡാറ്റ’ വ്യക്തമാക്കി. കുത്തിവെപ്പ് കാര്യക്ഷമമായി നടപ്പാക്കാനുള്ള ശാസ്ത്രീയരീതികളാണ് ഈ രാജ്യങ്ങളിൽ നടക്കുന്നത്. ജനങ്ങൾക്ക് വാക്സിൻ ലഭ്യമാക്കുന്നതിൽ ഇസ്രയേൽ കഴിഞ്ഞാൽ ഏറ്റവുംമികച്ച പ്രവർത്തനങ്ങളാണ് യു.എ.ഇ. നടപ്പാക്കുന്നത്.
ജനുവരി നാലിലെ കണക്കനുസരിച്ച് ഇസ്രയേൽ 15.83 ശതമാനം പേരിലേക്ക് വാക്സിൻ എത്തിച്ചു. യു.എ.ഇ. 8.35 ശതമാനം പേർക്ക് കുത്തിവെപ്പെടുത്തു. ബഹ്‌റൈൻ (3.75), യു.എസ്. (1.46), യു.കെ. (1.39) എന്നിങ്ങനെയാണ് തൊട്ടുപിറകിലുള്ള രാജ്യങ്ങളുടെ വാക്സിനേഷൻ നടത്തിപ്പിന്റെ തോത്. യു.എ.ഇ.യും ഇസ്രയേലും വാക്സിൻ കുത്തിവെപ്പ് അതിവേഗത്തിലാണ് നടത്തുന്നത്. ഇരു രാജ്യങ്ങളിലും സമാന ജനസംഖ്യയുമാണ്.
2019-ലെ ലോക ബാങ്ക് കണക്കനുസരിച്ച് യു.എ.ഇ.യിൽ 9.77 ദശലക്ഷവും ഇസ്രയേലിൽ 9.05 ദശലക്ഷവുമാണ് ജനസംഖ്യ. യു.എ.ഇ ആരോഗ്യവകുപ്പ് വക്താവ് ഡോ. ഫരീദ അൽ ഹൊസാനിയുടെ റിപ്പോർട്ട് പ്രകാരം 826,301 പേർക്ക് ഇതിനകം വാക്‌സിൻ നൽകിയിട്ടുണ്ട്. സ്വകാര്യ പൊതു ആശുപത്രികൾ വഴിയും ആരോഗ്യ സേവനകേന്ദ്രങ്ങൾ വഴിയും സജീവമായ കുത്തിവെപ്പാണ് യു.എ.ഇ. നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
അബുദാബിയിൽ 97 കേന്ദ്രങ്ങളിലാണ് സൗജന്യ വാക്സിൻ നൽകുന്നത്. മറ്റ് എമിറേറ്റുകളിലും കുത്തിവെപ്പ് കേന്ദ്രങ്ങളുടെ എണ്ണം ഓരോദിവസവും കൂട്ടുന്നുണ്ട്.