ദുബായ് : ഏറ്റവുംഉയർന്ന കോവിഡ് വാക്സിനേഷൻ നിരക്ക്, കർശനമായ ആരോഗ്യസുരക്ഷാ നടപടികൾ, ദുബായിലെത്തുന്ന പ്രാദേശിക അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ ഉയർന്ന ആത്മവിശ്വാസം, താമസക്കാരുടെ സ്വസ്ഥമായ ജീവിതവും മികച്ച വരുമാനവുമെല്ലാം ദുബായിയെ ലോകത്തെ മികച്ച രണ്ടാമത്തെ നഗരമാക്കിയതായി റിപ്പോർട്ട്. യൂറോമോണിറ്ററിന്റെ ടോപ്പ് 100 സിറ്റി ഡെസ്റ്റിനേഷൻ ഇൻഡെക്സ് 2021-ലാണ് ദുബായ് മികച്ച നഗരങ്ങളുടെ പട്ടികയിൽ മുന്നിലെത്തിയത്. സാമ്പത്തികം, ബിസിനസ്, ടൂറിസം മേഖലയിലെ പ്രകടനം, ടൂറിസം ആകർഷണങ്ങൾ, ടൂറിസം ഇൻഫ്രാസ്‌ട്രെക്‌ചർ, ആരോഗ്യം, സുരക്ഷ, സുസ്ഥിരത എന്നിങ്ങനെ ആറ് സൂചികകളുടെ അടിസ്ഥാനത്തിലായിരുന്നു തിരഞ്ഞെടുപ്പ്.

2020 ജൂലായ് മുതൽ അന്താരാഷ്ട്ര വിനോദസഞ്ചാരികൾക്കായി ദുബായ് തുറന്നുനൽകിയിരുന്നു. ട്രാവൽ, ടൂറിസം മേഖലയ്ക്ക് സർക്കാർ നൽകിയ പിന്തുണയാണ് ദുബായിയുടെ മടങ്ങിവരവ് എളുപ്പമാക്കിത്തീർത്തത്. കോവിഡിൽനിന്ന് കരകയറുന്ന രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടംനേടിയ ഏക നഗരമാണ് ദുബായ് എന്ന് യൂറോമോണിറ്റർ ഇന്റർനാഷണലിന്റെ പ്രോജക്ട് ലീഡ് കൺസൾട്ടന്റ് റാബിയ യാസ്മീൻ പറഞ്ഞു. ദുബായിക്കുപുറമെ പാരീസ്, ആംസ്റ്റർഡാം, മാഡ്രിഡ്, റോം, ബെർലിൻ, ന്യൂയോർക്ക്, ലണ്ടൻ, മ്യൂണിക്ക്, ബാഴ്‌സലോണ എന്നിവയാണ് പട്ടികയിലുള്ള മറ്റുരാജ്യങ്ങൾ. ഗൾഫിലെയും വടക്കേ ആഫ്രിക്കയിലെയും വാണിജ്യ-വ്യാപാര കേന്ദ്രമായ ദുബായ് സാമ്പത്തിക, ബിസിനസ് പ്രകടന ഉപസൂചികയിൽ ആദ്യ പത്തിൽ ഇടംനേടിയ ഏകവിപണി നഗരംകൂടിയാണ്. ഹെൽത്ത് ആൻഡ്‌ സേഫ്റ്റി സബ് ഇൻഡക്സിന്റെ കാര്യത്തിൽ ഷാർജ, ദുബായ്, അബുദാബി എന്നിവ യഥാക്രമം രണ്ടുംനാലുംഅഞ്ചും സ്ഥാനത്താണ്.