ദുബായ് : കോഴിക്കോട് വടകരയ്ക്കടുത്തുള്ള കാർത്തികപ്പള്ളിയിൽനിന്നാണ് 50 വർഷങ്ങൾക്ക് മുൻപ് ഉസ്മാൻ ഹാജി ദുബായിലെത്തുന്നത്. പാസ്പോർട്ടും വിസയുമില്ലായിരുന്നു. ഒരു പാസഞ്ചർ ഷിപ്പിൽ ടിക്കറ്റുപോലുമില്ലാത്ത യാത്ര. ദുബായ് ദേരയിലെത്തി വെറ്റിലപ്പണിക്കാരനായി പ്രവാസം തുടങ്ങി. അന്നത്തെ അൽ ഷാബ് സിനിമ തിയേറ്ററിന് പുറത്തുണ്ടായിരുന്ന ചെറിയൊരു തട്ടുകടയിലായിരുന്നു വെറ്റിലപ്പണി. പാകിസ്താനികളും ഇന്ത്യക്കാരും ഒരുപോലെ വെറ്റിലമുറുക്കാൻ എത്തിയിരുന്നയിടം. അന്ന് ദേരയിൽ ജനവാസം വളരെ കുറവായിരുന്നു. കെട്ടിടങ്ങളും ചുരുക്കം. സബ്കയിലെ ഖാദർ ഹോട്ടൽ, അജ്മീർ ഹോട്ടൽ എന്നിവയായിരുന്നു ഏറെപേരും ആശ്രയിച്ചിരുന്നത്. അന്ന് കുവൈത്ത് പള്ളിയായിരുന്നു ഏറ്റവും വലിയ മസ്ജിദ്. മറ്റുള്ളവ ചെറുതും സൗകര്യങ്ങൾ കുറവുള്ളതുമായിരുന്നു.

ദേരയിലെ മൂന്നുവർഷത്തെ ജീവിതത്തിനിടയിലാണ് സ്വന്തമായി പാസ്പോർട്ട് എടുക്കുന്നത്. പിന്നീട് 1975-ൽ വിസ അടിച്ചു. 1977-ൽ ഡ്രൈവിങ് ലൈസൻസ് എടുത്തു. ടാക്സി ഡ്രൈവറായി ജോലിയാരംഭിച്ചു. 1982-ൽ ദുബായ് ചെസ് ക്ലബ്ബിൽ ഡ്രൈവറും പി.ആർ.ഒ.യുമായി ജോലിയിൽ പ്രവേശിച്ചു. കഴിഞ്ഞ 40 വർഷമായി ഈ ക്ലബ്ബിൽ തന്നെയുണ്ട്. മികച്ചസേവനത്തിനുള്ള പി.ആർ.ഒ. പുരസ്കാരം ഈയിടെ തേടിയെത്തിയിരുന്നു. ദുബായിയുടെ ഓരോ വളർച്ചയും നേരിൽകണ്ട ഹാജി നല്ലൊരു സാമൂഹികപ്രവർത്തകൻകൂടിയാണ്. ഭാര്യ: സുലൈഖ. മക്കൾ: യുസുഫ്, ഹംദാൻ, മൻസൂർ, സഫരിയ. കുടുംബത്തോടൊപ്പം ഹംറിയയിലാണ് താമസം.