ദുബായ് : ശൈഖ് റാഷിദ് ബിൻ സായിദ് റോഡ്‌സ് കോറിഡോർ പദ്ധതിയുടെ 50 ശതമാനം പൂർത്തിയാക്കിയതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ). റാസൽ ഖോർ റോഡിലൂടെ എട്ട് കിലോമീറ്റർ ദൈർഘ്യത്തിൽ രൂപപ്പെടുത്തിയിട്ടുള്ള ഈ പദ്ധതിയിൽ ദുബായ്- അൽഐൻ റോഡ് ഇന്റർസെക്ഷൻ മുതൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ ജങ്ഷൻ വരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

റാസൽ ഖോർ റോഡിന്റെ ശേഷി മണിക്കൂറിൽ 10,000 വാഹനങ്ങൾ എന്ന രീതിയിലായിരിക്കും. യാത്രാ സമയം 20 മിനിറ്റിൽനിന്ന് കേവലം ഏഴ് മിനിറ്റാകും.

പദ്ധതിയുടെ കീഴിൽ രണ്ട് കിലോമീറ്റർ നീളമുള്ള പാലങ്ങളുടെ നിർമാണപ്രവർത്തനങ്ങളും ഉൾപ്പെടുന്നുണ്ട്.

നിലവിൽ ഇരുവശത്തേക്കും മൂന്ന് വരികൾ വീതമുള്ള റാസൽ ഖോർ റോഡ് നാല് വരികളിലേക്ക് ഉയർത്തും.

കൂടാതെ ഗതാഗത സുരക്ഷ ഉയർത്തുന്നതിനും, ഗതാഗതം സുഗമമാക്കുന്നതിനുമായി പ്രത്യേക രണ്ട് വരികളുള്ള സർവീസ് റോഡുകളും പൂർത്തിയാക്കുന്നുണ്ട്.

ദി ലഗൂൺസ്, ദുബായ് ക്രീക്ക് ഹാർബർ, മെയ്ദാൻ ഹൊറൈസൺസ്, റാസൽ ഖോർ, അൽ വാസിൽ, നാദ് അൽ ഹമാർ കോംപ്ലക്സ് എന്നിവിടങ്ങളിലെ ആറ് ലക്ഷത്തിലേറെ താമസക്കാർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. പദ്ധതി എത്രയും വേഗം പൂർത്തിയാക്കുമെന്ന് ആർ.ടി.എ. ചെയർമാൻ മാത്തർ അൽ തായർ പറഞ്ഞു.