ദുബായ് : ലോകമഹാമേളയായ എക്സ്‌പോ 2020 ദുബായ് ആരംഭിച്ച് ഇതുവരെ എത്തിയത് 56 ലക്ഷത്തിലേറെ സന്ദർശകർ. യു.എ.ഇ.യുടെ സുവർണ ജൂബിലി ആഘോഷങ്ങളും കായിക, സംഗീത, സാംസ്കാരിക പ്രകടനങ്ങൾക്കും സാക്ഷ്യം വഹിക്കാൻ ആയിരങ്ങളാണ് എക്സ്‌പോ വില്ലേജിലെത്തിയത്. ഇതോടെ സന്ദർശകരുടെ എണ്ണം 5,663,960 ആയി ഉയർന്നുവെന്ന് അധികൃതർ വെളിപ്പെടുത്തി.

ആഘോഷവേളകളിൽ ഓരോ പവിലിയനിലും അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. ഒക്ടോബർ, നവംബർ മാസങ്ങളിലായി വിവിധ രാഷ്ട്രത്തലവൻമാർ, പ്രധാനമന്ത്രിമാർ, മന്ത്രിമാർ എന്നിവരുൾപ്പെടെ 5383 നേതാക്കളുടെ ഔദ്യോഗികപരിപാടികൾക്കും എക്സ്‌പോ വില്ലേജ് സാക്ഷ്യം വഹിച്ചു.

ഒട്ടുമിക്ക രാജ്യങ്ങളുടെയും ദേശീയദിനാഘോഷങ്ങൾക്കും എക്സ്‌പോ വേദി സാക്ഷിയായി. എക്സ്‌പോ ആരംഭിച്ച് ആദ്യ രണ്ടു മാസങ്ങളിൽ 10,461 ഔദ്യോഗികപരിപാടികൾ നടന്നു. ഇത്തരത്തിലൊരു ലോക പ്രദർശനം വിജയകരമായി മുന്നോട്ടുകൊണ്ടുപോകുന്നതിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ദുബായിയെ അഭിനന്ദിച്ചിരുന്നു. കഴിഞ്ഞയാഴ്ചയായിരുന്നു മാക്രോൺ എക്‌സ്‌പോ വില്ലേജ് സന്ദർശിച്ചത്.

സന്ദർശകരിൽ പകുതിയിലേറെ പേരും എക്സ്‌പോ സീസൺപാസ് ഉപയോഗിക്കുന്നവരാണ്. യു.എ.ഇയുടെ 50-മത് ദേശീയദിനം ആഘോഷിക്കാനും മിക്കവരും തിരഞ്ഞെടുത്തത് എക്സ്‌പോ വില്ലേജായിരുന്നുവെന്നതിൽ അഭിമാനിക്കുന്നുവെന്ന് അന്താരാഷ്ട്ര സഹകരണ സഹമന്ത്രിയും എക്‌സ്‌പോ 2020 ദുബായ് ഡയറക്ടർ ജനറലുമായ റീം ബിന്ത് ഇബ്രാഹിം അൽ ഹാഷിമി പറഞ്ഞു. ഇന്ത്യ, ഫ്രാൻസ്, ജർമനി, സൗദി അറേബ്യ, യു.കെ. എന്നിവയുൾപ്പെടെ മുൻനിര അന്താരാഷ്ട്ര സന്ദർശകർക്കൊപ്പം നവംബറിൽ എത്തിയ സന്ദർശകരിലേറെപ്പേരും യു.എ.ഇ.ക്ക് പുറത്തുനിന്നായിരുന്നു.

ഏതാണ്ട് 28 ശതമാനം പേർ. യു.എ.ഇ.യിലെ വിവിധ സ്കൂളുകളിൽ നിന്നും രണ്ടര ലക്ഷത്തിലേറെ പേർ ഇതിനകം വേദി സന്ദർശിച്ചു.

കഴിഞ്ഞ രണ്ട് മാസത്തിനകം ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി സൗകര്യങ്ങൾ 455,000 തവണ പ്രയോജനപ്പെടുത്തി. ടാക്സികൾ, ബസുകൾ എന്നിവയുടെ ഉപയോഗം 600,000 ആണ്. ഏതാണ്ട് 22 ലക്ഷം സന്ദർശകരാണ് പൊതുഗതാഗതം പ്രയോജനപ്പെടുത്തിയത്. എക്സ്‌പോ 2020 വെർച്വൽ സന്ദർശനം രണ്ടര കോടിയിലെത്തി. ശക്തമായ കോവിഡ് മുൻകരുതൽ നടപടികൾ സ്വീകരിച്ചുകൊണ്ടാണ് ലോകമഹാമേള തുടരുന്നത്.