അബുദാബി : ഗുരുതരമായതും അപൂർവമായതുമായ ബാക്ടീരിയ അണുബാധയെതുടർന്ന് ചികിത്സയിലായ പ്രവാസിക്ക് കരുതലേകി മലയാളി ഡോക്ടർ. അബുദാബിയിൽ ഡ്രൈവറായ ഗോവ സ്വദേശി നിതേഷ് സദാനന്ദ് മഡ്‌ഗോക്കറാണ് മലയാളി ഡോക്ടർ നിയാസ് ഖാലിദിന്റെ സഹായത്തോടെ അദ്ഭുതകരമായി രോഗത്തെ അതിജീവിച്ചത്.

അണുബാധ സ്ഥിരീകരിച്ചാൽ 75 ശതമാനം മരണനിരക്കുള്ള സെപേഷ്യ സിൻഡ്രോം എന്ന അപൂർവ രോഗമാണ് നിതീഷിന് ബാധിച്ചത്. കൃത്യ സമയത്ത് കണ്ടെത്തിയില്ലെങ്കിൽ ജീവൻ അപകടത്തിലാകുന്ന രോഗബാധ തിരിച്ചറിയുന്നതിലും തുടർ ചികിത്സ നിശ്ചയിക്കുന്നതിലും മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ ഡോക്ടർ നിയാസ് നടത്തിയ സമയോചിതമായ ഇടപെടലാണ് നിതേഷിന് ജീവിതം തിരിച്ചു നൽകിയത്.

27 വർഷമായി യു.എ.ഇയിൽ സ്ഥിരതാമസക്കാരനായ നിതേഷ് ഓഗസ്റ്റിൽ അവധികഴിഞ്ഞ് തിരിച്ചെത്തിയശേഷമാണ് അസുഖം സ്ഥിരീകരിക്കുന്നത്. ആരോഗ്യനില കൂടുതൽ വഷളായതിനെത്തുടർന്ന് നടത്തിയ വിശദപരിശോധനയിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തുന്നത്. തീവ്രപരിചരണ വിഭാഗത്തിലും മറ്റുമായി 54 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷമാണ് അദ്ദേഹം സുഖംപ്രാപിക്കുന്നത്. അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ ബുർജീൽ മെഡിക്കൽ സിറ്റിയിലായിരുന്നു ചികിത്സ.