ഷാർജ : കേരളത്തിലെ ജനാധിപത്യ പ്രക്രിയയിൽ പങ്കുചേരാൻ സാധിച്ച സന്തോഷത്തിലാണ് പ്രവാസികളിൽ പലരും. വോട്ടുചെയ്യാനായി നാട്ടിലെത്തിയവരിലേറെയും രാവിലെതന്നെ സമ്മതിദാനാവകാശം പൂർത്തിയാക്കി മടങ്ങി. സാമൂഹിക മാധ്യമങ്ങളിലൂടെ നാട്ടിൽ വോട്ടുചെയ്യാൻ അവസരം ലഭിച്ച സന്തോഷം രേഖപ്പെടുത്തുകയും ചെയ്തു. ഷാർജയിലെ വീട്ടമ്മയായ പാലക്കാട്ടുകാരി ശ്രീലക്ഷ്മിയ്ക്ക് ഇത് കന്നിവോട്ടായിരുന്നു. തിരഞ്ഞെടുപ്പ് വേളകളിൽ ഷാർജയിലായതിനാൽ ശ്രീലക്ഷ്മിയ്ക്ക് ഇതുവരെ അവസരം ലഭിച്ചിരുന്നില്ല. നിയമസഭാതിരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചപ്പോൾ ഇപ്രാവശ്യം കുടുംബസമേതം നാട്ടിലെത്തി വോട്ടുചെയ്യണമെന്ന് ഉറപ്പിക്കുകയിരുന്നു. ആദ്യമായി വോട്ടുചെയ്ത ശ്രീലക്ഷ്മി ‘മോദി ആരാധിക’ യാണെന്ന് തുറന്നുപറയുകയും ചെയ്തു.

ഇൻകാസ് യു.എ.ഇ. വൈസ് പ്രസിഡന്റ് എൻ.പി. രാമചന്ദ്രനും കേരളത്തിൽ ആദ്യമായാണ് വോട്ട് രേഖപ്പെടുത്തിയത്. തൃശ്ശൂർ മണ്ഡലത്തിലെ തിരുവമ്പാടി ബൂത്തിലാണ് അദ്ദേഹം കുടുംബസമേതം വോട്ടുരേഖപ്പെടുത്തിയത്. 1974 - മുതൽ 1995 - വരെ രാമചന്ദ്രൻ മഹാരാഷ്ട്രയിലായിരുന്നു. അതിനാൽ 1977 - മുതൽ 2019 - വരെ മഹാരാഷ്ട്ര കല്യാൺ വോട്ടറായിരുന്നു. ഈ തിരഞ്ഞെടുപ്പോടെയാണ് സ്വന്തം നാടായ തൃശ്ശൂരിൽ രാമചന്ദ്രൻ വോട്ടർ ആയത്. പദ്മജാ വേണുഗോപാൽ ജയിക്കുമെന്നും യു.എ.ഇ.യിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകനായ രാമചന്ദ്രൻ പറഞ്ഞു.

ഷാർജ ഇന്ത്യൻ അസോസിയേഷൻ ഖജാൻജി കെ. ബാലകൃഷ്ണൻ, ഭരണസമിതി ജോയന്റ് സെക്രട്ടറി ടി.കെ. ശ്രീനാഥ്, മാനേജിങ് കമ്മിറ്റി അംഗം ഷഹാൽ ഹസൻ, മുൻ സെക്രട്ടറി ബിജു സോമൻ തുടങ്ങിയവരെല്ലാം നാട്ടിലെത്തി വോട്ടുചെയ്തു.

കോൺഗ്രസ് പ്രവർത്തകൻ ഷാർജ മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ഭാരവാഹി പ്രദീപ് നെന്മാറയിലെ സ്ഥാനാർഥി സി.എൻ. വിജയകൃഷ്ണനുവേണ്ടി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുകയും നാട്ടിലെത്തി വോട്ടുചെയ്യുകയും ചെയ്തു. ഇനി കേരളം ആര് ഭരിക്കുമെന്നറിയാനായി നാടിനൊപ്പം പ്രവാസി സമൂഹവും കാത്തിരിപ്പായി.