ബറാഖയിലെ ഓരോ റിയാക്ടർയൂണിറ്റുകളും 30 മില്യൺ ഫ്യുവൽ പെല്ലറ്റ് ശേഷിയുള്ളതാണ്. റിയാക്ടർ വെസലിൽ എത്തുന്ന താപം സ്റ്റീം ജനറേറ്റർ വഴി കടത്തിവിട്ട് ജലം നീരാവിയാക്കി മാറ്റി ടർബൈനിലൂടെ വൈദ്യുതോർജമാക്കി മാറ്റുന്ന പ്രവർത്തനമാണ് ഇതിൽ നടക്കുക. ആണവനിലയത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് റിയാക്ടർ വെസൽ. 500 ടണ്ണിലധികം ഭാരവും 15 മീറ്ററിലധികം ഉയരവുമാണിതിനുള്ളത്. നാല് മാസത്തേക്ക് ഒരു വീട്ടാവശ്യത്തിന് ആവശ്യമായ വൈദ്യുതോർജം പ്ലാന്റിലെ ഒരു പെല്ലറ്റ് യുറാനിയത്തിൽനിന്ന് ഉത്പാദിപ്പിക്കാൻ കഴിയും. ഇത് 481 ക്യൂബിക് മീറ്റർ പ്രകൃതി വാതകത്തിനും 471 ലിറ്റർ എണ്ണക്കും ഒരു ടൺ കൽക്കരിയിൽ നിന്നുമുത്പാദിപ്പിക്കുന്ന ഈർജത്തിനും സമാനമായതാണ്. ഈ രീതിയിൽ 5,600 മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ ഉത്പാദിപ്പിക്കപ്പെടുക. നാല് റിയാക്ടർ യൂണിറ്റുകളും പ്രവർത്തനക്ഷമമാവുന്നതോടെ യു.എ.ഇയുടെ ഊർജ ഉത്പാദനത്തിന്റെ നാലിലൊന്ന് ഇവിടെനിന്ന്‌ ലഭിക്കുമെന്നതാണ് വലിയ നേട്ടം. സുസ്ഥിര ഊർജ നിർമാണത്തിലൂടെ 210 ലക്ഷം ടൺ കാർബൺഡയോക്സൈഡ് മാലിന്യം പുറന്തള്ളുന്നത് ഇതിലൂടെ ഒഴിവാക്കാനാവും. നാല് യൂണിറ്റുകളും പ്രവർത്തനക്ഷമമാവുന്നതോടെ യു.എ.ഇ.യുടെ മൊത്തം വൈദ്യുതോർജ ഉത്പാദനത്തിന്റെ 25 ശതമാനവും ബറാഖയിൽനിന്ന്‌ നൽകാനാവും.

ലക്ഷം ക്യൂബിക് യാഡ് കോൺക്രീറ്റാണ് ലോകത്തിലെ ഏറ്റവും വലിയ ആണവനിലയമായ ഇവിടെ റിയാക്ടറുകളുടെ നിർമാണത്തിനായി ഉപയോഗിച്ചത്. രണ്ടരലക്ഷത്തിലേറെ ടൺ ഉരുക്ക് ഇതിലുപയോഗിച്ചിട്ടുണ്ട്. 20,000 തൊഴിലാളികളാണ് നിർമാണത്തിന്റെ വിവിധഘട്ടങ്ങളിൽ ഭാഗമായത്. എമിറേറ്റ്‌സ് ആണവോർജ കോർപ്പറേഷൻ കൊറിയ ഇലക്ട്രിക് പവർ കോർപ്പറേഷനുമായി (കെപ്‌കോ)യുമായി ചേർന്നാണ് ആണവനിലയത്തിന്റെ നിർമാണം നടത്തിയിരിക്കുന്നത്.